സ്ത്രീവിരുദ്ധ പരാമർശത്തിൽ മൻസൂർ അലി ഖാനെതിരെ ലിയോ നിർമ്മാതാക്കളും രംഗത്ത്. സംഭവത്തിൽ തൃഷയും സംവിധായകൻ ലോകേഷും പ്രതികരിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു ഉൾപ്പെടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ലിയോ സിനിമയുടെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് ശക്തമായി നടനെ വിമർശിച്ചിരിക്കുന്നത്.
സമൂഹമാദ്ധ്യമത്തിലൂടെയാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്. മൻസൂർ അലി ഖാന്റെ ബഹുമാനമില്ലാത്ത സംസാരം ഞങ്ങൾക്ക് നടുക്കം ഉളവാക്കി. ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഞങ്ങൾ വിവാദ പരാമർശത്തിൽ അപലപിക്കുന്നു- നിർമ്മാതാക്കൾ കുറിച്ചു.
തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ വ്യക്തമാക്കിയിരുന്നു. ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മൻസൂർ ഇക്കാര്യം അറിയിച്ചത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നും മൻസൂർ പറഞ്ഞു.
തന്നോട് വിശദീകരണം പോലും ചോദിക്കാൻ തയ്യാറാകാതെയാണ് താര സംഘടനയായ നടിമാരുടെ സംഘം മാപ്പ് പറയാൻ ആവശ്യപ്പെട്ടത്. അതിനാൽ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് പിൻവലിക്കണം, ഇല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും മൻസൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.















