ലക്നൗ: ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ആശയം ദേശീയ താത്പര്യം മുൻനിർത്തിയാണെന്ന് ഉന്നതതല സമിതി അദ്ധ്യക്ഷനും മുൻ രാഷ്‌ട്രപതിയുമായ രാംനാഥ് കോവിന്ദ്. ദേശീയ താത്പര്യം മുൻനിർത്തിയാണ് ഈ നീക്കമെന്നും അല്ലാതെ രാഷ്‌ട്രീയ പാർട്ടികളെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് പല സ്ഥലങ്ങളിലായി വിവിധ സമയങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വലിയ പണ ചിലവാണ് ഉണ്ടാക്കുന്നത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ കുറയുന്ന പണചെലവ് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാം. ദേശീയ താത്പര്യം മുൻനിർത്തിയാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് നീങ്ങുന്നത്. ഇത് ഒരു പാർട്ടിക്കുവേണ്ടി മാത്രമല്ല. അതു കൊണ്ട് എല്ലാ രാഷ്‌ട്രീയ പാർട്ടികളും സഹകരിക്കണം. പ്രാബല്യത്തിൽ വരുമ്പോൾ രാജ്യത്ത് ആ സമയം ഭരിക്കുന്ന പാർട്ടികൾക്ക് ചിലപ്പോൾ നേട്ടമുണ്ടാക്കാം. എന്നാൽ ഏറ്റവും വലിയ നേട്ടം ജനങ്ങൾക്കാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.
ഈ ആശയം നടപ്പാക്കണമെന്ന് പാർലമെന്ററി കമ്മിറ്റി, നിതി ആയോഗ്, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയവർ ആവശ്യപ്പെട്ടിട്ടുണ്ട്. അത് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് കൂടിയാലോചനകളും ചർച്ചകളും നടത്തുകയാണ്. രാജ്യത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്‌ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് അവരിൽനിന്നും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ചിലർ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിൽ ഉന്നതതലസമിതി ലോ കമ്മിഷനോടും അഭിപ്രായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തലവനായുള്ള സമിതിയാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതിയെക്കുറിച്ചു പഠിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിംഗ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി തുടങ്ങിയവരാണ് സമിതി അംഗങ്ങൾ. ലോക്സഭയ്‌ക്കും സംസ്ഥാന നിയമസഭകൾക്കും പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്താനുള്ള സാധ്യതകളും ഉന്നതലസമിതി പഠിച്ചുവരികയാണ്.















