മുംബൈ: കോൺഗ്രസിനെയും നേതാവ് രാഹുലിനെയും വെട്ടിലാക്കി ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ തന്റെ പഴയ മണ്ഡലമായ അമേഠിയിൽ നിന്നുതന്നെ 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചാണ് പാർട്ടിയെ അജയ് റായ് വെട്ടിലാക്കിയിരിക്കുന്നത്. രാഹുൽ മണ്ഡലത്തിലേക്ക് വീണ്ടും വരുമെന്നും വിജയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുംബൈയിൽ നടന്ന ചടങ്ങിൽവച്ചായിരുന്നു അജയ് റായിയുടെ പ്രഖ്യാപനം.
പാർട്ടി സംസ്ഥാനത്ത് തിരിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കൂടുതൽ ആൾക്കാരെ പാർട്ടിയിൽ ചേർക്കും. ഇത്തവണ രാഹുൽ അമേഠിയിൽ നിന്നുതന്നെ ജനവിധി തേടും. നെഹ്‌റു കുടുംബത്തോട് അത്രമാത്രം കടപ്പാട് അമേഠിയിലെ ജനങ്ങൾക്കുണ്ട്. അജയ് റായ് പറഞ്ഞു. മണ്ഡലത്തിൽ നിന്നും ജയിക്കാനുള്ള ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെ മാദ്ധ്യമങ്ങളോട് ഇനി എന്തുപറയുമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് ദേശീയ നേതൃത്വം.
നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റായിരുന്നു അമേഠി. ആകെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 ലും വിജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1980 ൽ സഞ്ജയ് ആണ് നെഹ്റു കുടുംബത്തിൽ നിന്നും ആദ്യമായി അമേഠിയിൽ മത്സരിക്കുന്നത്. തുടർന്ന് 1981, 1984, 1989, 1991 വർഷങ്ങളിലായി രാജീവ് തുടർച്ചയായി നാലുവട്ടം മണ്ഡലത്തിൽ നിന്നും ജയിച്ചുകയറി. 1999 ൽ സോണിയ മത്സരിക്കാനായി തിരഞ്ഞെടുത്തതും അമേഠിയെയാണ്. സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറ്റിയപ്പോൾ രാഹുൽ 2004 ൽ അമേഠിയിലെത്തി. 2014 വരെ മൂന്നുവട്ടം ഈ മണ്ഡലത്തിൽ നിന്നാണ് രാഹുൽ ലോക്സഭയിൽ എത്തിയത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് രാഹുൽ അമേഠിയിൽ ഏറ്റുവാങ്ങിയത്. 2014 ൽ ഒരു ലക്ഷത്തിലധം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ 2019ൽ 55,120 വോട്ടുകൾക്കാണ് കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് പരാജയപ്പെട്ടത്.















