ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 12 സുഖോയ് -30 എംകെഐ വിമാനങ്ങൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിന് നിർമ്മാണ കരാർ നൽകി കേന്ദ്ര സർക്കാർ. റഷ്യൻ സഹായത്തോടുകൂടിയാണ് എംകെഐ 30 ന്റെ നിർമ്മാണം. 60 ശതമാനം നിർമ്മാണവും പൂർത്തീകരിക്കുന്നത് തദ്ദേശീയമായാണ്.
ശേഷി കുറഞ്ഞ 12 യുദ്ധവിമാനങ്ങൾക്ക് പകരമായാണ് പുതിയ സുഖോയ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കുന്നത്. . പുതിയ കാലത്തിനനുസരിച്ച് നിർമ്മാണം പൂർത്തീകരിക്കുന്ന വിമാനങ്ങൾ ഉപയോഗിച്ച് വായുവിൽ നിന്ന് വായുവിലേക്കും, വായുവിൽ നിന്ന് കരയിലേക്കും ആക്രമണം നടത്താൻ കഴിയും.
ഇന്ത്യൻ ഭൂമിശാസ്ത്ര പ്രത്യേകതകൾക്കനുസരിച്ച് വിന്യസിക്കാൻ കഴിയുന്ന സുഖോയ് 30 എംകെഐ പഴയ സുഖോയ് 27 ന്റെ പുതിയ പതിപ്പാണ്. രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സുഖോയ് 30 ന്റെ നിർമ്മാണം.
72 അടി നീളമുള്ള സുഖോയ് യുദ്ധവിമാനത്തിന്റെ ചിറകുകൾക്ക് 48.3 അടി നീളം വരും. 20.10 അടിയാണ് ഉയരം.18,400 കിലോ ഭാരമാണ് ഈ യുദ്ധവിമാനത്തിനുള്ളത്. ലിയുൽകാ എൽ -31എഫ് പി ആഫ്റ്റർബേണിംഗ് ടർബോഫാൻ എഞ്ചിനാണ് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 123 കിലോ വാട്ട് പവർ നൽകാനാകും. 2120 കിലോമീറ്റർ വേഗത്തിൽ വിമാനത്തിന് പറക്കാൻ കഴിയും. 57,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയുന്ന സുഖോയ്‌ക്ക് 3000 കിമി ആണ് റേഞ്ച്.
150 റൗണ്ടോളം വെടിയുതിർക്കാനുള്ള ശേഷിയുള്ളതാണ് . അതായത് ശത്രുവിമാനങ്ങൾക്കോ ഡ്രോണുകൾക്കോ ഹെലികോപ്റ്ററുകൾക്കോ വിമാനത്തിൽ നിന്നും രക്ഷപ്പെടാനാവില്ല. വിമാനത്തിന് 12 ഹാർഡ് പോയിന്റുകളുണ്ട്. 4 തരം റോക്കറ്റുകൾ സ്ഥാപിക്കാം. 14 ആയുധങ്ങളും നാല് തരം മിസൈലുകളും 10 തരം ബോംബുകളും വിമാനത്തിൽ വിന്യസിക്കാനാകും. 8130 കിലോഗ്രാം ഭാരമുള്ള ആയുധങ്ങൾ വരെ ഉയർത്താൻ കഴിയും. ബ്രഹ്‌മോസ് മിസൈലുകളും ഇതിൽ വിന്യസിക്കാനാകും.















