ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടും തൂണുകളിലൊരാളായിരുന്നു ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളിലും പങ്കുവഹിച്ച അയാള്‍ ഇന്ത്യക്കായി അനവധി നിര്‍ണായക ഇന്നിംഗ്‌സുകളും കാഴ്ചവച്ചിട്ടുണ്ട്. കരിയറില്‍ അധികം വീരുവിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ള ഗംഭീര്‍ ഇന്ത്യ കണ്ട മികച്ച ഓപ്പണര്‍മാരില്‍ ഒരാളുമാണ്.
എന്നാല്‍ തനിക്ക് ഏറെ ഇഷ്ടമുള്ള ബാറ്റിംഗ് പാര്‍ട്ണര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആരാധകര്‍ കരുതും പോലെ അത് വീരുവല്ലെന്നും മറ്റൊരാളാണെന്നും സ്‌പോര്‍ട്‌സ് കീഡയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്റിംഗ് പാര്‍ട്ണര്‍ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. ആരാധകര്‍ കരുതിയിരുന്നത് അത് വീരേന്ദര്‍ സെവാഗ് ആകുമെന്നാണ്. എന്നാല്‍ എനിക്കേറെ ഇഷ്ടം മഹിക്കൊപ്പം ബാറ്റ് ചെയ്യാനായിരുന്നു. പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍- ഗംഭീര്‍ പറഞ്ഞു.
2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ധോണിയും ഗംഭീറും ചേര്‍ന്ന് 109 റണ്‍സിന്റെ നിര്‍ണായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യക്ക് കിരീടവും സമ്മാനിച്ചിരുന്നു. നാലാം വിക്കറ്റിലായിരുന്നു ഇരുവരും ക്രീസില്‍ ഒരുമിച്ചത്. 42-ാം ഓവറില്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് അരികെ വീണ് 97റണ്‍സുമായി ഗംഭീര്‍ കൂടാരം കയറിയെങ്കിലും ഇന്ത്യ കപ്പുയര്‍ത്തി.