മലപ്പുറം : 2021 ൽ കാൽനടയായി ആരംഭിച്ച യാത്ര ഈ വർഷമാണ് ശബരിമലയിൽ എത്തിയത് . ഇത്രയും ദൂരം നടന്ന് , യാതനകൾ സഹിച്ച് ഒരു പക്ഷെ ഇതാദ്യമാകും ഒരയ്യപ്പൻ ശബരിമലയിൽ എത്തിയത് . രണ്ടുവർഷവും ഒരുമാസവും 10 ദിവസവും കൊണ്ട് നടന്നത് ആയിരക്കണക്കിന് കിലോമീറ്റർ , മലപ്പുറം കോട്ടയ്‌ക്കൽ സ്വദേശിയായ ശിവ കളരിക്കലിന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ , അയ്യപ്പസന്നിധി .
2021 ഒക്ടോബർ 10-ന് മലപ്പുറം കോട്ടയ്‌ക്കലിൽനിന്ന് കാൽനടയായി ഇന്ത്യ കാണാനിറങ്ങിയതാണ് ശിവ. യാത്രയുടെ അവസാനം അയ്യപ്പസന്നിധിയിലെത്തണമെന്നും അന്നേ ഉറപ്പിച്ചിരുന്നു.കോട്ടയ്‌ക്കലിൽനിന്ന് ആദ്യദിനം തേഞ്ഞിപ്പലത്ത് തങ്ങി. പിന്നെ 760 രാത്രികളിൽ അമ്പലങ്ങളിലും പെട്രോൾ പമ്പുകളിലും യാത്രയിൽ പരിചയപ്പെട്ടവരുടെ വീടുകളിലും അന്തിയുറങ്ങി. ഒരു ട്രാവൽ ബാഗിൽ ടെന്റും കിടക്കാനൊരു പായയും ഗോപ്രോ ക്യാമറയും രണ്ടു ജോടി വസ്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്
എന്നാൽ, മാലയിട്ടശേഷം ചെരിപ്പും ഉപേക്ഷിച്ചു . ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും ചുറ്റിയാണ് വന്നത്. മാനന്തവാടി, മൈസൂരുവഴി പോയി മംഗളൂരുവഴിയായിരുന്നു മടക്കം. കൊട്ടിയൂർ ക്ഷേത്രത്തിൽനിന്ന് മാലയിട്ടു. തിരൂർ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് രണ്ടുവർഷത്തിനുശേഷം സഹോദരിമാർ ശിവയെ കണ്ടത്. കഴിഞ്ഞദിവസം കോട്ടയ്‌ക്കലിലെ വീട്ടിലെത്തിയതോടെ നേടിയത് ഒരു ജന്മത്തിന്റെ പുണ്യം.