ബഹിരാകാശ രംഗത്ത് പുത്തൻ കുതിപ്പിനായി സ്പേസ് എക്സ്. ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്‌ക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്. ട്രാൻസ്‌പോർട്ടർ 9 മിഷന്റെ ഭാഗമായി ഈ എൻജിൻ ഒരു മൈക്രോ സാറ്റലൈറ്റിൽ ഘടിപ്പിക്കും. കാലിഫോർണിയയിലെ വാൻഡെൻബർഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സിൽ നിന്നാകും വിക്ഷേപണമെന്നാണ് സൂചന. അമേരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ ഐവിഒ ലിമിറ്റഡാണ് ക്വാണ്ടം ഡ്രൈവ് എൻജിന്റെ നിർമ്മാണത്തിന് പിന്നിൽ.
സൗരോർജത്തിലാകും ഈ എൻജിൻ പ്രവർത്തിക്കുക. സൂര്യനിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ ബഹിരാകാശ എൻജിനാകും ഇത്. ഇലക്ട്രിക് പ്രൊപ്പൽഷൻ ടെക്‌നോളജിയാണ് എൻജിന് കരുത്ത് പകരുക. ഇതുവഴി ബഹിരാകാശത്ത് എൻജിന് സുഗമമായി പ്രവർത്തിക്കാനാകുമെന്ന് കമ്പനി ഉറപ്പുനൽകുന്നു.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ക്വാണ്ടൈസ്ഡ് ഇനേർഷ്യ (ക്യുഐ)യിൽ അധിഷ്ഠിതമായാണ് ഈ എൻജിൻ നിർമിച്ചിരിക്കുന്നത്. 2007-ൽ മൈക്ക് മക് കുല്ലോച്ചാണ് ക്യു.ഐ. സിദ്ധാന്തം ആദ്യമായി ആവിഷ്കരിച്ചത്. ഐസക് ന്യൂട്ടന്റെ ചലനനിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ സിദ്ധാന്തത്തെ പല ഭൗതികശാസ്ത്രജ്ഞന്മാരും എതിർക്കുകയും ശാസ്ത്രലോകത്ത് വൻ ഭിന്നിത സൃഷ്ടിക്കുന്നതിനും ഇത് കാരണമായിരുന്നു.