യുപിഐ ഇടപാടുകൾ നടത്താൻ ആശ്രയിക്കുന്നവയാണ് ഗൂഗിൾ പേ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ. രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ജനപ്രിയമായ ആപ്പിനെ കൂടുതൽ സുരക്ഷിതമാക്കാൻ മുന്നറിയിപ്പ് നൽകുകയാണ് ഗൂഗിൾ.
ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോൾ അപ്പപ്പോൾ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫ്രോഡ് പ്രിവെൻഷൻ ടെക്നോളജിയും ഗൂഗിൾ പേയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിരുന്നാലും പഴുതടച്ച സുരക്ഷയാണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഫോണിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില ആപ്പുകളെ കുറിച്ചാണ് ഗൂഗിൾ ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ്.
ഏറെ ഉപയോഗപ്രദമായ ആപ്ലിക്കേഷനുകളാണ് സ്ക്രീൻ ഷെയറിംഗ് ആപ്പുകളെങ്കിലും ഇവ വിവേകത്തോടെ ഉപയോഗിക്കേണ്ടതാണ്. ഫോണുകളിലും ടാബുകളിലും കംപ്യൂട്ടറുകളിലുമെല്ലാം ഇങ്ങനെ പ്രവർത്തിക്കുന്ന ആപ്പുകളും സോഫ്റ്റ്‍വെയറുകളും ഉണ്ട്. ഫോണുകളോ കംപ്യൂട്ടറുകളോ വിദൂരത്ത് ഇരുന്ന് ഒരാൾക്ക് തകരാറുകൾ പരിഹരിക്കാൻ വരെ സഹായകരമാണ് ഇത്തരം ആപ്പുകളെങ്കിലും അവ ദുരുപയോഗം ചെയ്യപ്പെടാൻ നല്ല സാധ്യതയുണ്ട്. ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ തട്ടിപ്പുകാർ നിങ്ങൾക്ക് പകരം നിങ്ങളുടെ ഫോണിൽ നിന്ന് ഇടപാടുകൾ നടത്തുകയോ എടിഎം കാർഡ് വിവരങ്ങൾ കൈക്കലാക്കുകയോ അതല്ലെങ്കിൽ ഒടിപി മനസിലാക്കുകയോ ചെയ്യും.