ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അതു മറികടന്ന വഴികളെക്കുറിച്ചും വാചാലനായി പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പിലെ മികച്ച പ്രകടത്തിന് പിന്നാലെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 2015 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയോട് തോറ്റ് പുറത്തായിരുന്നു. ഷമി 17 വിക്കറ്റുമായി മികച്ച പ്രകടനാണ് ആ ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. എന്നാല്‍ വേദനകള്‍ കടിച്ചമര്‍ത്തിയാണ് കളത്തിലിറങ്ങിയതെന്ന് പറയുകയാണ് ഷമി. പുമ ഇവന്റിലായിരുന്നു തുറന്നു പറച്ചില്‍.
‘വേദന കടിച്ചമര്‍ത്തിയാണ് 2015ലെ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മുട്ട് ചീര്‍ത്ത് പഴുത്ത നിലയിലായിരുന്നു. എനിക്ക് രണ്ട് വഴികളുണ്ടായിരുന്നു, ഒന്നുകില്‍ പെട്ടെന്ന് സര്‍ജറി ചെയ്യുക ഇല്ലെങ്കില്‍ വേദനയോടെ കളിക്കുക. ഞാന്‍ രണ്ടാമത്തെ വഴിതന്നെ തിരഞ്ഞെടുത്തു. മത്സരത്തിന് ശേഷം ടീം ഹോട്ടലില്‍ തിരികെയെത്തുമ്പോള്‍ ഞാന്‍ നേരെ ആശുപത്രിയില്‍ പോയി ഇന്‍ജെക്ഷന്‍ എടുക്കുമായിരുന്നു. നിങ്ങള്‍ രാജ്യത്തിനായി കളിക്കുമ്പോള്‍, മറ്റെല്ലാം അപ്രത്യക്ഷമാകും’.-ഷമി പറയുന്നു.
‘ലോകകപ്പിന് ശേഷം സര്‍ജറി ചെയ്തു, എനിക്ക് ബോധം വന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് തുടര്‍ന്ന് കളിക്കാനാകുമോ എന്നാണ്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞത്, മുടന്താതെ നടക്കാനായാല്‍ അത് വലിയൊരു നേട്ടമെന്നാണ്. കളിക്കുന്നതിനെക്കുറിച്ച് മറന്നേക്കൂ, തത്ക്കാലം പരിക്കില്‍ നിന്ന് മുക്തനാവുന്നതിനെക്കുറിച്ച് ചിന്തുക്കു എന്നാണ്. ഞാന്‍ എന്റെ കരിയറും ജീവിതവും അവസാനിച്ചെന്ന് കരുതി’- ഷമി പറഞ്ഞു.