വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് നാളെ നവംബർ 24ന് കൊടി കയറും. നാളെ രാവിലെ 8.45നും 9.05നും ഇടയിലാണ് കൊടിയേറ്റ്.ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടി കയറുന്നത്. ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് കെടാവിളക്കിലും സിനിമാ താരം രമ്യാ നമ്പീശൻ കലാമണ്ഡപത്തിലും ദീപം തെളിയിക്കും, രാത്രി 9നാണ് കൊടിപ്പുറത്ത് വിളക്ക്.
ഡിസംബർ 5 ന് രാവിലെ 4.30നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം. 6ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.ഡിസംബർ 7 ന് നടത്തപ്പെടുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ.
ഏഴാം ഉത്സവ ദിനം മുതൽ അഷ്ടമി നാൾ വരെ ദേവസ്വം വക പ്രാതൽ ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തർക്കും പ്രാതൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് ദേവസ്വം അധികാരികൾ അറിയിച്ചു. അഷ്ടമിയുടെ ഒന്നും രണ്ടും ദിവസങ്ങളിൽ എൻഎസ്എസും, മൂന്നാം നാൾ എസ്എൻഡിപി വൈക്കം യൂണിയനുമാണ് നടത്തുന്നത്. ഉത്സവത്തിന്റെ ആദ്യ നാളുകളിൽ വിവിധ സാമുദായിക സംഘടനകളുടെ താലപ്പൊലിയും ഉണ്ടാകും.
വൈക്കത്തഷ്ടമിയുടെ ഏറ്റവും പ്രശസ്തമായ ചടങ്ങായ ഉത്സവബലി ദർശനം ഉത്സവത്തിന്റെ 5, 6, 8, 11 തീയതികളിലാണ് ഉണ്ടാവുക. മൂന്നു പ്രധാന എഴുന്നെള്ളിപ്പുകളാണ് വൈക്കത്തഷ്ടമിക്ക്. 7–ാം ഉത്സവ ദിനമായ നവംബർ 30ന് ഋഷഭവാഹന എഴുന്നളളിപ്പ്. 8–ാം ഉത്സവദിനമായ ഡിസംബർ 1ന് വടക്കും ചേരി മേൽ എഴുന്നളളിപ്പ് ഡിസംബർ 2ന് തെക്കുംചേരിമേൽ എഴുന്നള്ളിപ്പും നടത്തും. ആനച്ചമയ പ്രദർശനം, ഗജപൂജ, ആനയൂട്ട് എന്നിവ 9–ാം ഉത്സവ നാളിൽ ഡിസംബർ 2ന് നടത്തും.തലപ്പൊക്കത്തിൽ മുൻനിരക്കാരായ ഗുരുവായൂർ ഇന്ദ്രസെൻ, ഗുരുവായൂർ രാജശേഖരൻ, തിരുനക്കര ശിവൻ, ചിറക്കൽ കാളിദാസൻ, മാവേലിക്കര ഗണപതി തുടങ്ങിയ 13 ഗജവീരൻമാർ എഴുന്നള്ളിപ്പിനായി അന്ന് ക്ഷേത്രത്തിലെത്തും.
അനുഗ്രഹീതനായ നിരവധി കലാകാരന്മാരുടെയും കലാകാരികളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമാണ് അഷ്ടമി ഉത്സവ ദിനരാത്രങ്ങൾ. പനമണ്ണ ശശി, കല്ലൂർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ ഇരുനൂറോളം അധികം കലാകാരൻമാർ കല്ലൂർ രാമൻ കുട്ടി മാരാരുടെ പ്രമാണത്തിൽ അവതരിപ്പിക്കുന്ന പഞ്ചാരി മേളം ഒരു പ്രമുഖ ആകർഷണമാണ് .
വൈക്കത്തഷ്ടമിയെ ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നായി ന്യൂയോര്‍ക്ക് ടൈംസില്‍ പരാമര്‍ശം വന്നശേഷമുള്ള ആദ്യത്തെ അഷ്ടമി ഉത്സവമാണ് ഇക്കുറി. ഈ വര്ഷം ജനുവരിയിലായിരുന്നു അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ സന്നിധിയിലെ പ്രധാന ആട്ടവിശേഷത്തിനു അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചത്.















