വയനാട്: സംസ്ഥാന സർക്കാരിന്റെ നവകേരള ബസ് ചളിയിൽ പുതഞ്ഞു. വയനാട് മാനന്തവാടിയിലാണ് മുഖ്യമന്ത്രിയുടെ നവകേരള ബസ് ചെളിയിൽ പുതഞ്ഞത്. ബസ് ചളിയിൽ പുതഞ്ഞതോടെ മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാർക്കും സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ബസിനെ കെട്ടി വലിച്ചു. നീണ്ട പരിശ്രമത്തിനൊടുവിലാണ് ചെളിയിൽ പുതഞ്ഞ ബസിനെ റോഡിൽ കയറ്റിയത്.
മനന്തവാടിയിൽ സംഘടിപ്പിച്ച നവകേരള സദസിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു ചളിയിൽ പുതഞ്ഞ ബസിനെ പുറത്തെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ പരിശ്രമം. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും ചേർന്നാണ് ബസിനെ പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം നവകേരള ബസിനെ വരവേൽക്കുന്നതിനായി സ്‌കൂൾ കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് വലിയ വിവാദമായിരുന്നു. കണ്ണൂർ പാനൂരിലെ ചെമ്പാട് എൽപി സ്‌കൂളിലെ കുട്ടികളെ കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. മുഖ്യമന്ത്രി വരുന്ന വഴിയരികിൽ പൊരി വെയിലത്ത് നിർത്തി വിദ്യാർത്ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷന് എബിവിപി പരാതി നൽകിയിട്ടുണ്ട്.















