ലക്‌നൗ: ലോകകപ്പ് തോൽവിയ്‌ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം വർദ്ധിക്കാൻ കാരണമായെന്ന് പേസർ മുഹമ്മദ് ഷമി. ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് ശേഷം പ്രധാനമന്ത്രി ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ കണ്ടത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മുന്നോട്ടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതിനും നഷ്ടമായ ആത്മവിശ്വാസം തിരികെ ലഭിക്കുന്നതിനും അദ്ദേഹത്തിന്റെ സന്ദർശനം ഞങ്ങൾക്ക് കരുത്ത് പകർന്നു. പ്രധാനമന്ത്രിയെ പോലെ കരുത്ത് പകരുന്ന, പിന്തുണയ്‌ക്കുന്നവർ കൂടെയുണ്ടെങ്കിൽ മുന്നോട്ടുള്ള യാത്രക്കൾ എളുപ്പമാകുമെന്നും ഷമി പറഞ്ഞു. അംറോഹയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ കണ്ടതിന് പിന്നാലെ അദ്ദേഹത്തിന് നന്ദി അറിയിച്ച് ഷമി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘ദൗർഭാഗ്യവശാൽ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂർണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസിംഗ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങൾ തിരിച്ചുവരും’ എന്നാണ് താരം കുറിച്ചത്. പ്രധാനമന്ത്രി തന്നെ ചേർത്ത് പിടിച്ചതിന്റെ ചിത്രവും ഷമി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ടൂർണമെന്റിൽ 24 വിക്കറ്റുകൾ സ്വന്തമാക്കിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകുകയും ചെയ്തിരുന്നു.