പത്തനംതിട്ട: തുടർച്ചയായ പെർമിറ്റ് ലംഘനമെന്ന് ചൂണ്ടിക്കാട്ടി റോബിൻ ബസ് പിടിച്ചെടുത്ത് എംവിഡി. വൻ സന്നാഹമായെത്തിയാണ് പോലീസ് കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ റോബിനെ പിടികൂടിയത്. വാഹനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി.
തുടർച്ചയായ നിയമലംഘനത്തിനാണ് വാഹനത്തിനെതിരെ കേസെടുത്തത്. പെർമിറ്റ് റദ്ദാക്കാൻ എംവിഡി നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയേക്കും. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെയും നടപടിക്ക് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പറഞ്ഞു. ബസ് പിടിച്ചെടുത്തത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെയും മടക്കയാത്രയിൽ റോബിനെ എംവിഡി തടഞ്ഞിരുന്നു. പെർമിറ്റ് ലംഘനമെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപ പിഴും ചുമത്തിയിരുന്നു. മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപ ഈടാക്കിയ ശേഷമാണ് ബസ് വിട്ടയച്ചത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനൽകിയത്.















