തമിഴ് സൂപ്പർതാരം ചിയാൻ വിക്രമും തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ഏഴുവർഷത്തോളമായി ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സ്‌പൈ ത്രില്ലർ ചിത്രം ഇന്നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. സംവിധായകൻ ഗൗതം മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തുടക്കം മുതൽ ഈ സിനിമയ്‌ക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ചിത്രം ഇത്രയും കാലം വൈകിയത്. സാമ്പത്തിക പ്രശ്‌നങ്ങൾ തന്നെയാണ് ഇന്നത്തെ റിലീസും മാറ്റാൻ കാരണമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച കാര്യം സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് സംവിധായകൻ ഗൗതം മേനോൻ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് പ്രദർശനത്തിന് എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാൻ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്‌ക്രീനുകളും, കൃത്യമായ മുൻകൂർ ബുക്കിംഗും അടക്കം മികച്ച രീതിയിൽ നല്ല അനുഭവമായി ചിത്രം എത്തും. ചിത്രത്തിന് നിങ്ങൾ തരുന്ന പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കൂ.. ഞങ്ങൾ എത്തും! – എന്നാണ് ഗൗതം മേനോൻ പങ്കുവെച്ച കുറിപ്പ്.
വൻ താരനിര തന്നെ അണിനിരക്കുന്ന ധ്രുവ നച്ചത്തിരത്തിന് ഇതുവരെയും യാതൊരു തരത്തിലുള്ള പ്രമോഷൻ പരിപാടികളും നടത്തിയിട്ടില്ല. പ്രമോഷൻ എന്ന തരത്തിൽ ആകെ ഗൗതം മേനോൻ നൽകിയ ഒരു അഭിമുഖം മാത്രമാണ്. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് മാറ്റും എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇന്നലെ ബുക്ക് മൈ ഷോയിൽ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് വന്നതോടെ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തുമെന്നും ആരാധകർ ഉറപ്പിച്ചിരുന്നു