മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ താരമാണ്് മിന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ടീമിലെ ഏക മലയാളി സാന്നിധ്യവും മിന്നുവാണ്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഈ മാസം -29, ഡിസംബർ 1, 3 തീയതികളിലാണ് മത്സരങ്ങൾ. സീനിയർ ടീമിന് വേണ്ടി കളത്തിലിറങ്ങിയ മൂന്ന് താരങ്ങളാണ് എ ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേൽ എന്നിവരാണ് മറ്റു രണ്ടുപേർ.
ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു വയനാട്ടുകാരിയായ മിന്നു ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മിന്നു അഞ്ച് വിക്കറ്റും നേടി. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരുന്നു താരം.
ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീൽ, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്‌നാനന്ദ ദിവ്യ, അരുഷി ഗോയൽ, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേൽ, കാഷ്വീ ഗൗതം, ജിൻഡിമമി കലിത, പ്രകാശിത് നായ്ക്.