പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും എംവിഡി കസ്റ്റഡിയിലെടുത്തതൊടെ പ്രതീകരണവുമായി ഉടമ ഗിരീഷ് രംഗത്തെത്തി. ബസ് കൊയമ്പത്തൂരിൽ നിന്ന് റാന്നിയിലെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥരുമായി എത്തിയാണ് എംവിഡി ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിൽ എടുത്തതെന്ന് ഉടമ ഗിരീഷ് പറഞ്ഞു.
‘ക്യാമ്പിലേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ വയലേഷൻ ഓഫ് പെർമ്മിറ്റ് എന്നാണ് പറഞ്ഞത്. നാല് എഎംവിമാരാണ് ഇവിടെ നിന്ന് ആദ്യം മുതലേ കളിക്കുന്നത്. ഇവർ പല കുത്തിത്തിരിപ്പും ഉണ്ടാക്കുന്നുണ്ട്. കോടതികൾ പറഞ്ഞത് വായിച്ച് മനസിലാക്കാനുള്ള വിവരം പോലും അവർക്കില്ല. സുപ്രീം കോടതിയുടെ വിധി കണ്ടിട്ട് ഒന്നും മനസിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് ലോകം മുഴുവൻ കണ്ടതല്ലേ’- ഗിരീഷ് പരിഹസിച്ചു.
വണ്ടി ഇപ്പോൾ എംവിഡി ഉദ്യോഗസ്ഥരെ സൂക്ഷിക്കാൻ എൽപ്പിച്ചിരിക്കുകയാണെന്നും ഗിരീഷ് പരിഹാസ രൂപേണ പറഞ്ഞു. 1947 മുതൽ 2023 വരെ ഏറ്റവും കറപ്റ്റഡ് ആയ, അഴിമതി വീരന്മാരായിട്ടുള്ള കട്ടുമുടിക്കുന്നവരുടെ പ്രസ്ഥാനമാണ് എംവിഡി. ആ സംവിധാനത്തിനെതിരെ ഞാൻ പയറ്റുമ്പോൾ ഇത്രയൊക്കെ അല്ലേ എനിക്ക് കുഴപ്പമുള്ളൂ. നാളെ ഇനി അതിലും വലുത് കാണാനിരിക്കും’- ഗിരീഷ് കൂട്ടിച്ചേർത്തു.















