കോഴിക്കോട്: കേരളത്തിലെ ജനങ്ങൾ നവകേരള സദസ്സിനെ നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിള്ള മനസ്സിൽ കള്ളമില്ലെന്ന് പറയുന്നത് ശരിയാണ്. സഞ്ചരിക്കുന്ന മന്ത്രിസഭയെ കാണാനാണ് കുട്ടികൾ എത്തുന്നത്. ഇങ്ങനെ ഒരു അനുഭവം വരുമ്പോൾ കുട്ടികൾ ക്ലാസിലിരിക്കുമോ. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പേരാമ്പ്രയിലേക്ക് വരുന്ന വഴിയിലും കുട്ടികളെ കണ്ടു. പ്രായമായവരും കുട്ടികളും കാണാനായി എത്തുന്നു. നവകേരള സദസ് അവരുടെ ജീവിതത്തിലെ എക്കാലത്തെയും മികച്ച അനുഭവമാണ്. ഇതിന്റെയെല്ലാം അർത്ഥം ജനങ്ങൾ സർക്കാരിന് നൽകുന്ന അകമഴിഞ്ഞ പിന്തുണയാണ് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രശ്‌നങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരാണ്. ആശയവൈരുദ്ധ്യമാണ് ഇതിന് പിന്നിൽ. ആർഎസ്എസിനെ ഇടതുപക്ഷം എന്നും എതിർക്കും. ബിജെപി അനുകൂല നിലപാടുള്ളവരോടാണ് കേന്ദ്രത്തിന് താതാപര്യം. അതില്ലാത്തവരോട് കേന്ദ്രം അനിഷ്ടം പ്രകടിപ്പിക്കുകയാണ്. അതാണ് കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.















