തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മിൽമ ഡയറികൾ നേരിട്ട് സന്ദർശിക്കാനും സാധനങ്ങൾ വാങ്ങാനും അവസരം. ദേശീയ ക്ഷീര ദിനാചാരണത്തിന്റെ ഭാഗമായി ഈ മാസം 26, 27 തീയതികളിലാണ് പൊതുജനങ്ങൾക്ക് സംസ്ഥാനത്തെ മിൽമ ഡയറികൾ സന്ദർശിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 4 മണിവരെയാണ് സന്ദർശന സമയം.
സന്ദർശനത്തിനായി എത്തുന്ന ജനങ്ങൾക്ക് മിൽമയുടെ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കുന്നതിനും അവിടെ നിന്നും സാധനങ്ങൾ വാങ്ങാനും മിൽമ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രദർശന സ്റ്റാളുകളും സംഘടിപ്പിക്കുകയും പാൽ, തൈര്, ഐസ്‌ക്രീം, നെയ്യ് , പനീർ തുടങ്ങിയ ഉത്പന്നങ്ങളുടെ ഉത്പാദനം കാണാനുള്ള സൗകര്യങ്ങളും മിൽമ സംഘടിപ്പിക്കും. വളരെ കുറഞ്ഞ വിലയ്‌ക്ക് ഉപഭോക്താക്കൾക്ക് സാധനങ്ങൾ നേരിട്ട് പരിശോധിച്ച് വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് മിൽമ അറിയിച്ചു.