തമിഴ്‌നാട്ടിലെയും കേരളത്തിലെയും ശ്രീലങ്കയിലെയും ഹിന്ദുക്കൾ ആചരിക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് കാർത്തികൈ ദീപം / കാർത്തികൈ വിളക്ക് / തൃക്കാർത്തിക വിളക്ക് എന്നൊക്കെ അറിയപ്പെടുന്ന കാർത്തികദീപ മഹോത്‌സവം. തമിഴ്നാട്ടില്‍ ഇതിന് ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നുമൊക്കെ പേരുകളുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഇതിനെ ‘ലക്ഷബ്ബ’ എന്നും വിളിക്കുന്നു.
വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമി തിഥിയും ചേർന്നു വരുന്ന ദിവസമാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഉത്തര ഭാരതത്തിലെ ദീപാവലിക്ക് സമാനമാണ് ദക്ഷിണ ഭാരതത്തിൽ തൃക്കാർത്തിക. കലണ്ടറുകളിൽ 2023 ലെ തൃക്കാർത്തിക ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത് നവംബർ മാസം 27 ആം തിയതി തിങ്കളാഴ്ചയാണ്. അന്നേ ദിവസം ഉദയം മുതൽക്ക് കാർത്തിക നക്ഷത്രമുണ്ട് എന്നതിനാൽ, അതിൽ സാങ്കേതികപരമായി തെറ്റില്ല.
പക്ഷേ 27 ആം തിയതി തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.35 ന് കാർത്തിക നക്ഷത്രവും, ഉച്ചയ്‌ക്ക് 2.46 ന് പൗർണ്ണമി തിഥിയും അവസാനിക്കുന്നുണ്ട്. തലേന്ന് ഉച്ചയ്‌ക്ക് 2.05 ന് കാർത്തിക നക്ഷത്രവും, വൈകുന്നേരം 3.54 പൗർണ്ണമിയും ആരംഭിക്കുന്നു. കാർത്തികയും പൗർണ്ണമിയും രാ-തങ്ങൽ വരുന്നത് 26 ആം തിയതി ഞായറാഴ്ചയാണ്. അതിനാൽ കാർത്തിക ദീപം എന്ന ആചരണം വേണ്ടത് അന്നാണ്. (ഞായർ)
എന്നാൽ കാർത്തിക നക്ഷത്രം പിറന്നാൾ ആയും, ക്ഷേത്ര വിശേഷ ദിനങ്ങളായും സ്വീകരിക്കേണ്ടത് പിറ്റേന്ന് 27 ന് തന്നെയാണ്. ( ഉദയശേഷം ആറു നാഴിക എങ്കിലും ആ നക്ഷത്രം ഉണ്ടെങ്കിൽ, പിറന്നാൾ ആചരണം തദ്ദിനം ആണ് വേണ്ടത് എന്ന നിയമ പ്രകാരം. തിങ്കളാഴ്ച കാർത്തിക 17 + നാഴികയുണ്ട് )
ഓരോ ഗ്രഹങ്ങൾക്കും ഉച്ചരാശികളുണ്ട്.( ഏതു രാശിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ ഗ്രഹത്തിന് ഏറ്റവും പ്രബലത ഉണ്ടാകുന്നത് എന്നതാണ് ഉച്ചരാശി കൊണ്ട് ഉദ്ദേശിക്കുന്നത് ) സൂര്യന് മേടം, ചന്ദ്രന് ഇടവം, ചൊവ്വയ്‌ക്ക് മകരം എന്നിങ്ങനെ.ചന്ദ്രന് ഇടവം രാശിയിലെ മൂന്നാം ഡിഗ്രിയിലാണ് അത്യുച്ചം (ഏറ്റവും ബലമുള്ള ഡിഗ്രി) ആ മൂന്നാം ഡിഗ്രി എന്ന് പറയുന്നത് കാർത്തിക നക്ഷത്രത്തിലാണ് വരിക.

ഇതിനെല്ലാമുപരി ചന്ദ്രന് പക്ഷബലം ആണ് ഏറ്റവും പ്രധാനം.( “പക്ഷംബലം ഹിമകരസ്യ വിശിഷ്ടമാഹു ” )ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾക്ക് അനുസരിച്ചിട്ടാണ് പക്ഷം പറയുന്നത്. കറുത്തു വാവിന് ബലക്കുറവും വെളുത്ത വാവിന് ബലക്കൂടുതലും, എന്ന് പക്ഷബലത്തെ പറ്റി എളുപ്പത്തിൽ ചുരുക്കി പറയാം.പക്ഷബലം കൊണ്ടും ഉച്ചബലം കൊണ്ടും ചന്ദ്രൻ പരിപൂർണ്ണാവസ്ഥയിൽ നിൽക്കുന്ന ദിവസമാണ് വൃശ്ചിക കാർത്തിക.
(പൗർണമി തിഥിയിലുമാണ്, കാർത്തിക നക്ഷത്രത്തിലുമാണ്).അന്നേ ദിവസത്തെ, ദുർഗ്ഗാ ഭഗവതിയുടെ ജന്മദിനമായിട്ടും കണക്കാക്കപ്പെടുന്നു. മഹാലക്ഷ്മി വിശേഷാത് ഐശ്വര്യം ചൊരിയുന്ന ദിവസം കൂടിയാണ് തൃക്കാർത്തിക എന്നും വിശ്വാസമുണ്ട്. ആയതിനാൽ അന്നേ ദിവസം ഭഗവതിസേവയ്‌ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഇതിനു പുറമേ മഹാലക്ഷ്മിയുടെ അംശമായ തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക ദിവസം ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ കൃത്തികാ ദേവിമാർ എടുത്തു വളർത്തിയത് തൃക്കാർത്തിക ദിവസമായിരുന്നു എന്നും, ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധാറാണിയെ പൂജിച്ചത് തൃക്കാർത്തിക ദിവസമാണെന്നും ഒക്കെ വിശ്വാസങ്ങളും പൗരാണിക പരാമർശങ്ങളുമുണ്ട്.
തൃക്കാർത്തിക ദിവസം വീടും പറമ്പുമൊക്കെ വൃത്തിയാക്കി, മഹാലക്ഷ്മിയെ വരവേൽക്കാൻ കാർത്തിക ദീപങ്ങൾ തെളിയിക്കുന്നതാണ് തൃക്കാർത്തികയിലെ പ്രധാന ചടങ്ങ്.വീടിനു മുന്നിൽ വാഴത്തട കുഴിച്ചു നിർത്തി, കുരുത്തോല കൊണ്ട് അലങ്കരിച്ച് ഭംഗിയാക്കി മൺചിരാതുകൾ കൊളുത്തി വയ്‌ക്കുന്ന പതിവുണ്ട്. (തടവിളക്ക്).വയലും പശുത്തൊഴുത്തും സമീപത്തെ വൻവൃക്ഷങ്ങളും ആയി ബന്ധപ്പെട്ട് ഇന്നേദിവസം ചില ആചാരങ്ങൾ പതിവുണ്ട്. തൃക്കാർത്തിക നാളിൽ ഭഗവതിക്ക് അടയുണ്ടാക്കി നിവേദിക്കുന്ന സമ്പ്രദായവും ചില ദേശങ്ങളിൽ കാണാം.
ഇത്തരം ആചാര- അനുഷ്ഠാനങ്ങളിലൂടെ സംപ്രീതയാക്കപ്പെടുന്ന ഭഗവതി,മനസ്സിനെയും ഗൃഹത്തെയും ബാധിച്ചിരിക്കുന്ന സകല ദുരിതങ്ങളേയും തിന്മകളേയും ഇല്ലാതാക്കുമെന്നതാണ് വിശ്വാസം.കുമാരനെല്ലൂർ,കാടാമ്പുഴ തുടങ്ങി നൂറുകണക്കിന് ദേവീക്ഷേത്രങ്ങളിൽ തൃക്കാർത്തിക മഹോത്സവം നടക്കാറുണ്ട്. എല്ലാവർക്കും ഐശ്വര്യസമൃദ്ധമായ തൃക്കാർത്തിക ആശംസകൾ നേരുന്നു.
ഡോ: മഹേന്ദ്ര കുമാർ പി എസ്
ഫോൺ : 9947943979
(ജ്യോതിഷ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: പി എസ് മഹേന്ദ്രകുമാർ അറിയപ്പെടുന്ന ഒരു ജ്യോതിഷ വിശാരദനാണ്. അദ്ദേഹത്തിന്റെ അറിവിലും ബോധ്യത്തിലുമുള്ള വസ്തുതകളാണ് എഴുതിയിരിക്കുന്നത്).















