കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിന് അറ്റകുറ്റപ്പണി. കോഴിക്കോട് വെച്ചാണ് ബസിന് പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ബസിന്റെ ചില്ലുകൾ മാറ്റി. എസിക്കും സർവീസ് നടത്തി.
കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിൽ വെച്ച് ബസ് ചെളിയിൽ താഴ്ന്നിരുന്നു. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തുകൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചെളിയിൽ ടയറുകൾ കറങ്ങി ബസ് നിന്നു. മുൻടയറുകളും പിൻടയറുകളും ചെളിയിൽ താഴ്‌ന്നുപോയതോടെ പോലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും ഏറെ നേരം പണിപ്പെട്ട് തള്ളിയാണ് കരകയറ്റിയത്.















