തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ 60-ാം വാർഷികത്തിൽ സ്മരണാർത്ഥമായി തുമ്പയിലെ കടൽത്തീരത്ത് നിന്ന് സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചു. ഏകദേശം 3.5 മീറ്റർ നീളമുള്ള റോക്കറ്റാണ് വിക്ഷേപിച്ചത്. രോഹിണി സീരിസിന് കീഴിലുള്ള RH200-സൗണ്ടിംഗ് റോക്കറ്റാണ് തെളിഞ്ഞ ആകാശത്തേക്ക് കുതിച്ച് പൊങ്ങിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം.
ബഹിരാകാശ മേഖലയിലെ നിർണായകമായ പ്രഖ്യാപനങ്ങളും നടന്നു. ഗഗൻയാന്റെ ഭാഗമായ റോക്കറ്റിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും വരുന്ന ജനുവരിയിൽ ഇതിന്റെ വിക്ഷേപണം പ്രതീക്ഷിക്കാമെന്നും ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചപ്പോൾ കൗണ്ട്ഡൗൺ ചെയ്ത് പ്രമോദ് കാലി അടക്കമുള്ളവർ സന്നിഹിതരായിരുന്നു. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ്സി ഡയറക്ടർ ഡോ.വി.നാരായണൻ, മറ്റ് ഇസ്രോ കേന്ദ്രങ്ങളിലെ ഡയറക്ടർമാർ എന്നിവരും ആദ്യത്തെ സൗണ്ടിംഗ് റോക്കറ്റിന്റെ അറുപതാം വാർഷികം ഓർമ്മിക്കപ്പെടുന്ന വിക്ഷേപണത്തിൽ പങ്കുച്ചേർന്നു.
വിക്ഷേപണത്തിന് പിന്നാലെ പ്രമേയ പ്രദർശനവും ശാസ്ത്രജ്ഞരുടെ സാങ്കേതിക ചർച്ചകളും ഉണ്ടായിരിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ആരംഭ കാലഘട്ടത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിക്കും.














