പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ. ക്ലാസിൽ നിരന്തരമായി ലൈംഗിക ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും കാണിക്കുകയും ചെയ്തുവെന്നാണ് പരാതി.
ക്ലാസ് എടുക്കുന്നതിനിടയിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും നിരന്തരം മദ്യപിച്ച് ക്ലാസിലേക്ക് പ്രവേശിക്കുന്നതായും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തുകയും കാട്ടിയതായുള്ള 31 സംഭവങ്ങൾ വിവരിച്ച് ഏഴ് പേജിലുള്ള പരാതിയാണ് വിദ്യാർത്ഥിനികൾ നൽകിയത്. പരാതിയിൽ 33 വിദ്യാർത്ഥികൾ ഒപ്പിട്ടുണ്ട്, പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറി.
പരീക്ഷക്കിടെ തലചുറ്റി വീണ വിദ്യാർത്ഥനിയോടടക്കം ഇയാൾ ലൈംഗികാതിക്രമം നടത്തുകയും കാണിച്ചിരുന്നു. ഈ വിദ്യാർത്ഥി വിഭാഗം മേധാവിയോട് കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. എന്നാൽ 60 ശതമാനം ഇന്റേണൽ മാർക്ക് ആലോചിച്ചാണ് പലപ്പോഴും വിദ്യാർത്ഥികൾ പരാതിപെടാൻ ഭയപ്പെട്ടത്.
ഈ അദ്ധ്യാപകൻ തന്നെയാണ് ഇംഗ്ലീഷ് കോഴ്‌സിന്റെ പാഠഭാഗങ്ങൾ ഡിസൈൻ ചെയ്തത്. കവിത വായിക്കുകയാണെന്ന വ്യാജേന നിരവധി തവണ ഇയാൾ അശ്ലീല ചുവയോടെ വിദ്യാർത്ഥികളോട് സംസാരിച്ചിരുന്നു. പെൺകുട്ടികളെ നോക്കിയാണ് മിക്ക ദിവസവും ഇയാൾ ഇത്തരത്തിൽ ക്ലാസ്സ് എടുത്തിരുന്നത്. പരാതി നൽകിയതിനു തൊട്ട് പിന്നാലെ വിദ്യാർത്ഥികളുമായി നേരിട്ട് ഇടപെടുന്നതിൽനിന്ന് ഇഫ്തിഖറിനെ വിലക്കിക്കൊണ്ട് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ആശ ഉത്തരവ് കൈമാറിയിരുന്നു. എന്നാൽ ഇയാളെ സസ്‌പെൻഡ് ചെയ്യാനോ ഡിപ്പാർട്ടുമെന്റിൽ പ്രവേശിക്കുന്നത് വിലക്കാനോ തയാറാകാത്തതിൽ വിദ്യാർത്ഥികൾ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പരാതി നൽകി ഏറെ ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരനായ അദ്ധ്യാപകനെതിരെ ശക്തമായി നടപടി സ്വീകരിക്കാത്ത സാഹര്യത്തിൽ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ എ ബി വി പി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തുടർന്ന് യൂണിവേഴ്‌സിറ്റി അധികൃതരുമായി എ ബി വി പി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ , 48 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ താൽകാലികമായി സമരം അവസാനിപ്പിക്കുകയും ചെയ്തു. വീണ്ടും കുറ്റകാരനായ അദ്ധ്യാപകനെ സംരക്ഷിക്കാനാണ് യൂണിവേഴ്‌സിറ്റി അധികൃതർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവാനാണ് എ ബി വി പി തീരുമാനം എന്ന് എ ബി വി പി സംസ്ഥാന പ്രവർത്തക സമിതി അംഗം ആര്യലക്ഷ്മി അറിയിച്ചു.















