സർപ്രൈസ് അനൗൺസ്‌മെന്റുമായി കാന്താര നിർമ്മാതാക്കൾ. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് നായകവേഷത്തിലെത്തിയ ചിത്രമാണ് കാന്താര. പ്രദർശനത്തിനെത്തി ആദ്യ ദിവസങ്ങളിൽ ഏതാനും ചില തീയേറ്ററുകളിൽ എത്തിയ ചിത്രം പിന്നീട് കൂടുതൽ കേന്ദ്രങ്ങളിൽ റിലീസ് ചെയ്യുകയായിരുന്നു. ആഗോളതലത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തു വിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ കാന്താരയുടെ അടുത്ത ഭാഗവും എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. കാന്താരയുടെ പ്രീക്വലായിരിക്കും ചിത്രമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ ഈ മാസം 27-ന് പുറത്തിറങ്ങും. കാന്താര-എ ലെജൻഡ് ചാപ്റ്റർ 1 എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് അനൗൺസ്‌മെന്റ് പോസ്റ്ററിൽ നിന്നും ലഭ്യമാകുന്ന സൂചന.
ഇത് വെറും പ്രകാശമല്ല, ദർശനമാണ് എന്നാണ് അനൗൺസ്‌മെന്റ് പോസ്റ്ററിലുള്ളത്. റിഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങൾ ആരെല്ലാമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.