കുസാറ്റിലെ വിദ്യാർത്ഥികൾക്ക് ഇന്നലെ ആഘോഷത്തിന്റെ രാവ് ആയിരുന്നു. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ വർഷങ്ങളായി നേരിട്ട് നടത്തുന്ന സാങ്കേതിക കലോത്സവമാണ് ‘ധിക്ഷണ’. മൂന്ന് വർഷത്തിന് ശേഷമാണ് ടെക് ഫെസ്റ്റ് പുനരാരംഭിച്ചത്.കഴിഞ്ഞ ഒരു മാസ കാലമായി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ഫെസ്റ്റിന് പിന്നാലെ ഓടി നടക്കുകയായിരുന്നു.
ഇന്നലെയായിരുന്നു സമാപന ദിനം. ഉച്ചയ്‌ക്ക് അറ്റ്മോസ്ഫറിക് റിസർച്ചിന്റെ സഹായത്തോടെ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ബലൂൺ ചാലഞ്ചിൽ വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഇതിന്റെയെല്ലാം ക്ഷീണം തീർക്കാനും തിരക്കുകൾ മറന്ന് ഉല്ലസിക്കാനുമെത്തിയതാണ് എല്ലാവരും. സംഗീതനിശയുടെ രൂപത്തിൽ നാല് പേരെയും മരണം കവർന്നെടുക്കുകയായിരുന്നു.
കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജേക്കബ് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും കുസാറ്റിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. ആൽവി ജേക്കബ് ജോലി തേടി കൊച്ചിയിലെത്തിയതായിരുന്നു.
അതുൽ ഒടുവിൽ വീട്ടിലേക്ക് വിളിച്ചത് ഇന്നലെ വൈകുന്നേരമായിരുന്നു. എല്ലാ ആഴ്‌ചയിലും വീട്ടിലെത്താറുള്ള ആൽവിൻ അമ്മയെ ഇന്നലെ വിളിച്ചത് വരില്ലെന്ന് പറയാനായിരുന്നു. കലോത്സവം ഉള്ളതിനാൽ വരില്ലെന്ന് അമ്മയെ അറിയിച്ച് മണിക്കൂറുകൾക്കകം മകൻ മരിച്ച വാർത്തയാണ് ആ കുടുംബത്തെ തേടിയെത്തിയത്. കർഷകനായ പിതാവ് തമ്പി ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്‌ക്കുശേഷം നാളുകളായി വിശ്രമത്തിലാണ്. മാതാവ് പിഡബ്ല്യുഡി റിട്ട. ജോലിക്കാരിയാണ്. സഹോദരൻ അജിൻ ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും.

ചവിട്ടുനാടക വേദിയിലെ മിന്നും താരമായിരുന്നു പറവൂർ സ്വദേശിനി ആൻ റിഫ്റ്റ. ചവിട്ടുനാടക കളരിയിലെ ആശാനും പിതാവുമായ റോയ് ജോർജുകുട്ടിയുടെ കരം പിടിച്ച് ആൻ റിഫ്റ്റ വേദികൾ കയ്യടക്കിയിരുന്നത്. മാതാവ് സിന്ധു ഇറ്റലിയിലാണ്. കോളേജിലെ ഓരോ ചെറിയ കാര്യങ്ങൾ പോലും മകൾ വീട്ടിൽ അറിക്കുമായിരുന്നു. നിനച്ചിരിക്കാതെ ദുരന്ത വാർത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് ജന്മനാട്. സഹോദരൻ റിഥുലും ചവിട്ടുനാടകങ്ങളിൽ സജീവമാണ്.
പഠനത്തിൽ മാത്രമല്ല ചിത്രരചനയിലും പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥിയായിരുന്നു താമരശേരി സ്വദേശിനി സാറ തോമസ്. മരണ വിവരമറിഞ്ഞ് സാറയുടെ വീട്ടിലെത്തുമ്പോൾ അവളുടെ മുത്തശ്ശി ശോശാമ്മ മാത്രമായിരുന്നു വീട്ടിൽ. കൊച്ചുമകൾക്ക് അപായം സംഭവിച്ച വിവരം ആ വയോധികയെ ആരും അറിയിച്ചിരുന്നുമില്ല. കുട്ടിയുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മാറിയിരുന്നുവെന്നാണ് മൃതദേഹം തിരിച്ചറിയാൻ എത്തിയ ബന്ധു പറഞ്ഞത്.
കൊച്ചിയിൽ ജോലി തേടിയെത്തിയതാണ് പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജേക്കബ്. ഇലക്ട്രീഷ്യനാണ്. എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയുടെ അടുത്ത് ഇന്നലെ രാവിലെയാണ് ആൽവിൻ എത്തിയത്. വീടിന്റെ നെടുംതൂണായിരുന്ന മകനെ നഷ്ടമായതിന്റെ ഞെട്ടലിലാണ് മുണ്ടൂർ നാടും വീടും.
അപകടത്തിന് ശേഷമുള്ള ഓഡിറ്റോറിയത്തിന്റെ ചിത്രങ്ങളും ഉള്ളുലയ്‌ക്കുന്നതായിരുന്നു. ദുരന്തത്തിന്റെ അവശേഷിപ്പുകളെന്നോണം കുട്ടികളുെട ചെരുപ്പുകളും വെള്ളക്കുപ്പികളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അപകടം നടന്നതിന് പിന്നാലെ ആളുകൾ ഓടിക്കൂടി വിദ്യാർത്ഥികളെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതിന് പിന്നിലെന്നാണ് വിലയിരുത്തൽ.















