കൊച്ചി: തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റി. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു.
കുസാറ്റിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ് എന്നിവരുടെ പൊതുദർശനം കുസാറ്റ് ക്യാമ്പസിൽ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളെ ഒരുനോക്ക് കാണാനും വിട ചൊല്ലാനുമായി ആയിരങ്ങളാണ് ക്യാമ്പസിലേക്ക് എത്തുന്നത്. 38 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതമായി തുടരുകയാണ്.
അതുൽ തമ്പിയുടെ സംസ്കാരം ശുശ്രൂഷകൾ ഇന്ന് ഉച്ചയ്‌ക്ക് രണ്ടോടെ കൂത്താട്ടുകുളത്തെ വീട്ടിൽ ആരംഭിക്കും. തുടർന്ന് കൂത്താട്ടുകുളം വടകര സെൻ്റ് ജോൺസ് പള്ളി സെമിത്തേരിയിയിൽ മൃതദേഹം സംസ്കരിക്കും. വടക്കൻ പറവൂർ സ്വദേശി ആൻ റിഫ്റ്റയുടെ സംസ്കാരം ചൊവ്വാഴ്ചയോടെയാകും നടക്കുക. ഇറ്റലിയിൽ ജോലി ചെയ്യുന്ന മാതാവ് എത്തിയ ശേഷമാകും ചടങ്ങുകൾ ആരംഭിക്കുക.