കൊച്ചി: കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ശ്വാസംമുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 38 പേരാണ് പരിക്കേറ്റ് ചികിത്സയിൽ തുടരുന്നത്. ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിക്കേറ്റവരുടെ വിദ്യാർത്ഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് സിൻഡിക്കേറ്റ് ഉപസമിതി വ്യക്തമാക്കി. സംഭവത്തിൽ വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കുട്ടികളെ പരിപാടിയിലേക്ക് കയറ്റുന്നതിൽ വീഴ്ചയുണ്ടായതായി വിസി റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാകും സംഭവം അന്വേഷിക്കുകയെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
നവംബർ 24, 25, 26 തീയതികളിലായാണ് കുസാറ്റിൽ ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്പേർട്ട് ലക്ചേഴ്സ് എന്നിവ നടന്നത്. സമീപ കോളേജുകളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തിരുന്നു. സമാപന ദിനമായ ഇന്നലെ ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്. പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചു.
സംഗീത നിശ തുടങ്ങാറായപ്പോൾ മഴ ചാറുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. ഈ സമയം സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികൾക്ക് സാരമായി പരിക്കേൽക്കുകയും നാല് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.















