തിരുവനന്തപുരം: സർവകലാശാലകളിൽ പരീക്ഷകളുടെ സമയത്തിലും മാർക്കിലും മാറ്റം വരുത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. പരീക്ഷകളുടെ സമയം കുറയ്‌ക്കുന്നതിനും ഇന്റേണൽ പരീക്ഷകളുടെ മാർക്ക് കൂട്ടുന്നതിനുമാണ് ശുപാർശ. അടുത്ത വർഷം മുതൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളോടൊപ്പം ഈ മാറ്റം നടപ്പിലാക്കാനാണ് തീരുമാനം. കൂടാതെ പിജി പഠനം സംബന്ധിച്ച് പുതിയ യുജിസി ചട്ടങ്ങൾ വരുന്നതോടെ പിജി പരീക്ഷകളും പരിഷ്‌കരിക്കും. ഇതോടൊപ്പം മറ്റ് നിർദ്ദേശങ്ങളും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.
- ഓർമ പരിശോധിക്കുന്നതിനു പകരം അറിവ് പരിശോധിക്കുന്ന രീതിയിലേക്ക് പരീക്ഷമാറണം. അധിക മോഡറേഷൻ നൽകേണ്ടതില്ല.
- പരീക്ഷാ സമയം ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ കുറയ്‌ക്കും. പല കോഴ്‌സുകളിലും പരീക്ഷാസമയം 3 മണിക്കൂറിൽ നിന്നും രണ്ടാക്കും.
- ഇന്റേണൽ പരീക്ഷകൾ പുസ്തകം നോക്കി എഴുതാൻ അനുവദിക്കും.
- ഇന്റേണൽ പരീക്ഷകളുടെയുംസർവകലാശാല പരീക്ഷകളുടെയും മാർക്ക് അനുപാതം 20:80-ൽ നിന്നും 30:70 ആയോ 40:60 ആയോ മാറ്റണം. എന്നാൽ സ്വാശ്രയ കോളേജുകൾ ഇന്റേണൽമാർക്ക് കൂടുതൽ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റ് കോളേജുകൾ 40:60 അനുപാതത്തെ എതിർക്കുന്നുണ്ട്.
- പരീക്ഷകളുടെ പല ജോലികളും കോളേജുകൾക്ക് കൈമാറും. ബിരുദത്തിന്റെ ആദ്യ രണ്ട് സെമസ്റ്ററുകളുടെയും പിജി ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പ് ചുമതലയും മൂല്യനിർണ്ണയവും കോളേജുകൾ നടത്തണം. ചോദ്യക്കടലാസ് സർവകലാശാല നൽകണം. കൂടാതെ ബാക്കി പരീക്ഷകളും സർവകലാശാല നടത്തണം.
- മൂല്യനിർണയം കഴിഞ്ഞ് 30 ദിവസത്തിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കണം.
- മൂല്യനിർണയം ഓൺസ്‌ക്രീനാക്കണം. അതിനായി ഉത്തരക്കടലാസ് സ്‌കാൻ ചെയ്ത് അദ്ധ്യാപകർക്ക് ഇ-മെയിൽ ആയി
അയക്കണം. - പ്രവേശനം, പരീക്ഷ, ബിരുദ സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഓൺലൈൻ ആക്കണം. ഉത്തരക്കടലാസിന് ബാർകോഡ് വേണം.
- പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നവർക്ക് ഉത്തരക്കടലാസ് ഇ-മെയിൽ ആയി അയക്കണം. അപേക്ഷിക്കുന്ന സർട്ടിഫിക്കറ്റുകളെല്ലാം 15 ദിവസത്തിനകം നൽകണം.
- വിദ്യാർത്ഥികൾക്ക് ആധാറുമായി ബന്ധിപ്പിച്ച് തിരിച്ചറിയൽ നമ്പർകൊടുക്കണം.
- പിജിക്ക് പൊതു പ്രവേശനപരീക്ഷ വേണം പരീക്ഷകൾക്ക് മുൻപ് 15 മിനിറ്റ് കൂൾ ഓഫ് ടൈം നൽകണം.