എറണാകുളം: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം ലഭിച്ചു. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ 11.30-ഓടെ കോട്ടയം ഇടമറുകിലുള്ള വീട്ടിലെത്തി പോലീസ് ഗിരീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് പാലാ പോലീസ് അറിയിച്ചു.
ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ട് നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ നൽകാതെ കോടതി അവധി ദിനത്തിൽ തന്നെ ഗിരീഷിനെ അറസ്റ്റ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പകപോക്കൽ വകവയ്‌ക്കാതെ റോബിൻ ബസിന്റെ സർവീസ് ഗിരീഷ് തുടരുന്നതിനിടെയാണ് മറ്റൊരു കേസിൽ കൂടി പോലീസിന്റെ നടപടി. ഇതിന് പിന്നിൽ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചു.















