മുംബൈ: ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മാരകവും ഹീനവുമായ ഭീകരാക്രമണമാണ് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈ നഗരത്തെ നടുക്കിയത്. 2008 നവംബർ 26-ന് നടന്ന ഭീകരാക്രമണത്തെക്കുറിച്ച് കേട്ടറിഞ്ഞവർക്ക് ഭയമാണെങ്കിൽ അത് അനുഭവിച്ചറിഞ്ഞവരുടെ അവസ്ഥ എന്തായിരിക്കും. മരണത്തെ അടുത്ത് കണ്ടവരുടെയും ആക്രമണത്തെ അതിജീവിച്ചവരുടെയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെയുമൊക്കെ ഓർമ്മകളിൽ ഇപ്പോഴും ഓരോ ദൃശ്യങ്ങളും മായാതെ നിൽക്കുന്നുണ്ട്.
മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പതിനഞ്ച് വർഷം തികയുമ്പോൾ ഭീകരാക്രണങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക എന്ന ഉറച്ച തീരുമാനത്തിൽ ജീവിക്കുന്ന ഒരു പെൺക്കുട്ടിയുണ്ട്. ഭീകരാക്രമണത്തിന്റെ ഇരയും അജ്മല്‍ കസബിന് വധശിക്ഷ ഉറപ്പാക്കിയ കേസിലെ സാക്ഷിയുമായ ദേവിക റൊതാവന്‍. ഛത്രപതി ശിവാജി ടെര്‍മിനലിലെ ആക്രമണത്തിനാണ് ദേവിക ഇരയായത്.
ദേവികയ്‌ക്ക് ഒമ്പത് വയസുള്ളപ്പോഴാണ് മുംബൈയില്‍ കസബ് ഉള്‍പ്പെട്ട പാക് ഭീകരര്‍ ആക്രമണം നടത്തിയത്. മുംബൈ ഛത്രപതി ശിവാജി ടെര്‍മിനലിലായിരുന്നു ഭീകരർ ആദ്യം ആക്രമണം അഴിച്ചുവിട്ടത്. ഈ സമയം ദേവികയും റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. ആക്രമണത്തില്‍ ദേവികയുടെ വലത് കാലില്‍ വെടിയേറ്റിരുന്നു. പിന്നീട് കസബിനെ ജീവനോടെ പിടികൂടിയതിന് ശേഷം നടന്ന വിചാരണയില്‍ ആക്രമണം നടത്തിയ ഭീകരനെ ദേവിക തിരിച്ചറിയുകയും ചെയ്തു. കസബിന് വധശിക്ഷ ലഭിക്കാന്‍ ദേവികയുടെ മൊഴിയാണ് നിർണായകമായത്.
തീവ്രവാദിയെ തിരിച്ചറിയുകയും തെളിവ് നൽകുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ സാക്ഷി ഈ കൊച്ചു പെൺകുട്ടിയായിരുന്നു. അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 24 കാരിയാണ്. കസബിനെ ശിക്ഷിച്ചെങ്കിലും പാകിസ്താനിൽ ഇപ്പോഴും സുരക്ഷിതരായി കഴിയുന്ന ആക്രമണത്തിന്റെ സൂത്രധാരന്മാരെ കൂടി ഇല്ലാതാക്കുന്നത് കാണാനാണ് ദേവിക കാത്തിരിക്കുന്നത്. അന്നത്തെ ആക്രമണത്തിൽ ഏറ്റ പരിക്കുകളുടെ പാട് ഭീകരവാദത്തിന്റെ അടയാളമാണെന്നാണ് ഇന്നും ദേവിക പറയുന്നത്. ഭീകരവാദത്തിനെതിരെ രാജ്യത്തിന് വേണ്ടി പോരാടുക. വലിയൊരു ഐപിഎസ് ഓഫീസറാകുക എന്നത് മാത്രമാണ് ദേവികയുടെ സ്വപ്നം.
മൂത്ത സഹോദരനെ കാണാൻ പൂനൈയിലേക്ക് പോകാനാണ് സഹോദരനും അച്ഛനുമൊപ്പം മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനിൽ ദേവിക അന്ന് എത്തിയത്. 12-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വരുന്നതും കാത്തിരിക്കെ വളരെ പെട്ടന്നാണ് വെടിയൊച്ചകള്‍ മുഴങ്ങിയത്. ആളുകള്‍ ജീവനുംകൊണ്ട് പരക്കം പായുകയും ചെയ്തു. ആ സമയത്തായിരുന്നു ദേവികയ്‌ക്കും വെടിയേറ്റത്. വേദനയോടെ നിലത്തുവീണപ്പോള്‍ അവള്‍ കണ്ടത് തുരുതുരാ വെടിയുതിര്‍ത്തുകൊണ്ട് നടക്കുന്ന ഒരാളെയായിരുന്നു. ഇയാളെ പിന്നീട് ദേവിക തിരിച്ചറിയുകയും ചെയ്തു. കൊടും ഭീകരൻ അജ്മൽ കസബ്.
കഴിഞ്ഞ വർഷം യുഎൻ സെക്രട്ടറി ജനറലിനെ കാണാൻ ദേവികയ്‌ക്ക് അവസരം ലഭിച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. അന്ന് ദേവിക സംസാരിച്ചതും ആക്രമണത്തിന് പിന്നിലെ സൂത്രധാരനെ കുറിച്ചാണ്. പാകിസ്താനിൽ ഇരുന്ന് ഭീകരാക്രമണത്തിന് ആസൂത്രണം നടത്തുന്ന എല്ലാവരെയും ഇല്ലാതാക്കണം എന്നത് മാത്രമാണ് ഈ 24 കാരിയുടെ ജീവിതാഭിലാഷം.















