എറണാകുളം: കുസാറ്റ് ദുരന്തത്തെ തുടർന്ന് കോളേജ് വിസിക്കെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്. വിസിക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
അപകടത്തിന് പിന്നാലെ പരിപാടി നടന്ന ഓഡിറ്റോറിയത്തിന് എതിരെയും നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. അശാസ്ത്രീയമായ രീതിയിൽ ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നതാണ് അപകടത്തിൽ നാല് ജീവനുകൾ പൊലിയാൻ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്തായാണ് ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഓഡിറ്റോറിയത്തിന് 800-ൽ അധികം ആളുകളെ ഉൾക്കൊള്ളാനാകും.
ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്നതിന് മൂന്ന് ഗേറ്റുകളാണ് ഉള്ളത്. ഇതിൽ പ്രധാന കവാടത്തിൽ നിന്നും പത്ത് സ്റ്റെപ്പുകൾ ഇറങ്ങി വേണം വേദിയിലേക്ക് എത്താൻ. ഓഡിറ്റോറിയത്തിന്റെ ഗേറ്റുകൾ ഒരിയ്‌ക്കലും അകത്തേയ്‌ക്കു തുറക്കാൻ പാടില്ലെന്നാണ് നാഷണൽ ബിൽഡിംഗ് കോഡിൽ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ഗേറ്റിൽ തന്നെ പടി വെയ്‌ക്കാൻ പാടില്ലെന്നും പരാമർശിച്ചിട്ടുണ്ട്. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കുസാറ്റിലെ ഓഡിറ്റോറിയത്തിന്റെ രൂപ കൽപന.