പാലക്കാട്: മണ്ണാർക്കാട് നിന്നും ജെസിബി മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സേലം തെക്കംപ്പെട്ടി കാർത്തിക്, ദിമാപുരം ചിന്നസേലം പെരിയസ്വാമി എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജെസിബിയും മോഷണത്തിന് ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തെങ്കിലും ഇന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട് സ്വദേശികളായ പെരിയ സ്വാമിയും കാർത്തികും മലപ്പുറം മഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്കുള്ള യാത്രയ്‌ക്കിടയിൽ വിയ്യക്കുർശ്ശിയിൽ ജെസിബി നിർത്തിയിട്ടിരുന്നത് ശ്രദ്ധിച്ചിരുന്നു. ഇതോടെ ഇരുവർക്കും നാട്ടിലുള്ള കടം തീർക്കാനായി ജെസിബി മോഷ്ടിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മഞ്ചേരിയിൽ നിന്ന് കാർ വാടകയ്‌ക്ക് എടുത്ത് ഇരുവരും വിയ്യക്കുർശ്ശിയിലെത്തുകയായിരുന്നു. തുടർന്ന് ജെസിബി കടത്തുകയായിരുന്നു. ഒരാൾ കാറിലും മറ്റെയാൾ ജെസിബിയിലുമാണ് തമിഴ്നാട്ടിലേക്ക് കടന്നത്.
ജെസിബി കടത്തികൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സ്ഥലങ്ങളിലെല്ലാം കാറിന്റെ ദൃശ്യവും കണ്ടതോടെയാണ് പോലീസ് കാറിന്റെ വിവരങ്ങൾ പരിശോധിച്ചത്. തുടർന്ന്, കാർ മലപ്പുറത്തുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. കാറിന്റെ ഉടമയെ വിളിച്ചു വരുത്തി കാർ വാടകയ്‌ക്ക് എടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച കമ്പം തേനി ഭാഗത്ത് നിന്നും ജെസിബി കണ്ടെത്താൻ സഹായകമായത്.
ശനിയാഴ്‌ച കമ്പം തേനിയിലെ ഏക്കറുകളോളം വിസ്തൃതിയുള്ള തോട്ടത്തിനടുത്ത് നിർത്തിയിട്ട നിലയിൽ ജെസിബിയും കാറും കണ്ടെത്തിയത്. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.















