കൊച്ചി: തീർത്തും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ജീവൻ പൊലിഞ്ഞ തങ്ങളുടെ സഹപാഠികൾക്ക് കണ്ണീർ പ്രണാമം അർപ്പിക്കാനായി കുസാറ്റ് ക്യാമ്പസ് ഇന്ന് ഒത്തുച്ചേരും. രാവിലെ പത്തരയ്‌ക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക. ഇന്ന് കുസാറ്റ് സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു.
കുസാറ്റ് ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയും ഇന്ന് രാവിലെ യോഗം ചേരും. സിൻഡിക്കേറ്റ് അംഗം കെ.കെ കൃഷ്ണകുമാർ, മാത്തമാറ്റിക്സ് പ്രൊഫസർ ശശി ഗോപാലൻ, യൂത്ത് വെൽഫെയർ ഡയറക്ടർ പി.കെ ബേബി എന്നിവർ അടങ്ങുന്നതാണ് സമിതി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് മുഴുവൻ സിൻഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.
നാല് പേരും മരിച്ചതും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചികിത്സയിലുള്ള പത്ത് പേരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 24 പേരെ ഡിസ്ചാർജ് ചെയ്യും. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പിയുടേയും പാലക്കാട് സ്വദേശി ആൽബിൻ ജോസഫിന്റെയും സംസ്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. താമരശേരി സ്വദേശി സാറാ ജോസഫിന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ സ്വദേശിനി ആൻ റിഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്.