വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്. അന്നേ ദിവസം നാടും നഗരവും കാർത്തിക വിളക്കാൽ പ്രകാശ പൂരിതമാകും. ഭഗവതിയുടെ ജന്മനക്ഷത്രമായാണ് തൃക്കാർത്തിക ദിവസത്തെ കണക്കാക്കുന്നത്. മഹാലക്ഷ്മിയെ വരവേൽക്കാനാണ് കാർത്തിക ദീപങ്ങൾ തെളിയിക്കുന്നത്.
സകല ദോഷങ്ങളും അകറ്റി നന്മയുടെ പ്രകാശം ചൊരിയണമെന്ന പ്രാർത്ഥനയുമായി അയ്യപ്പ സന്നിധിയിലും ഇന്ന് കാർത്തിക ദീപങ്ങൾ തെളിയും. ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകമായി വൈകുന്നേരം ദീപാരാധന വേളയിലാണ് സന്നിധാനത്ത് കർപ്പൂര ദീപങ്ങൾ തെളിക്കുക.
ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിൽ തന്ത്രി, മേൽശാന്തി എന്നിവരും പതിനെട്ടാംപടിയുടെ ഇരുവശത്തും കൊടിമരത്തിന് മുൻപിലുള്ള വിളക്കിൽ ദേവസ്വം ജീവനക്കാരും ചേർന്ന് ദീപം തെളിക്കും.