വാഷിംഗ്ടൺ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച് ചോദ്യം ചെയ്ത് ഖലിസ്ഥാൻ ഭീകരർ. ഗുരുപുരബ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി അംബാസഡർ തരൺജിത് സിംഗ് സന്ധു ന്യൂയോർക്കിലെ ഗുരുദ്വാര സന്ദർശിക്കുമ്പോഴാണ് സംഭവം. ലോംഗ് ഐലൻഡിലെ ഗുരുനാനാക് ദർബാറിലാണ് ഖലിസ്ഥാൻ ഭീകരർ അംബാസഡറെ വളഞ്ഞത്.
‘നിങ്ങളാണ് നിജ്ജാറിന്റെ കൊലയ്‌ക്ക് ഉത്തരവാദി, പന്നൂവിനെ കൊല്ലാനും നിങ്ങൾ പദ്ധതിയിട്ടു’ എന്നാരോപിച്ചായിരുന്നു തടഞ്ഞുവച്ചതും ആക്രമിച്ചതും. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവാദമായി. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവർ അംബാസഡറെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.
നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ കാനഡയിലെ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കി ഗുർപത്വന്ത് സിംഗ് പന്നൂൻ രംഗത്തെത്തിയിരുന്നു. ഇന്തോ- കനേഡിയൻ ഹിന്ദുക്കൾ കാനഡ വിട്ട് പോകണമെന്നായിരുന്നു പന്നൂവിന്റെ ഭീഷണി.