കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്ത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും വൈകാതെ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളിക്കു സമീപമുള്ള കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യയായ ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. കടയുടമയുടെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീക്ക് 35 വയസ് പ്രായം തോന്നിക്കും. പച്ച നിറത്തിലുള്ള ചുരിദാറും കറുത്ത നിറത്തിലുള്ള ഷാളുമായിരുന്നു ഇവർ ധരിച്ചിരുന്നത്. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ള ഷർട്ടുമാണെന്ന് കടയുടമയുടെ ഭാര്യ പറഞ്ഞു.















