തൃശൂർ: വികസിത് ഭാരത് സങ്കൽപ് യാത്രയ്‌ക്ക് തൃശൂർ ജില്ലയിൽ തുടക്കമായി. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കൽപ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 2024 ജനുവരി 26 വരെ ജില്ലയിലെ പഞ്ചായത്തുകളിൽ വികസിത് ഭാരത് സങ്കല്പ യാത്ര നടക്കും.
ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡ്, കൃഷി, കർഷക ക്ഷേമ മന്ത്രാലയം, വിവിധ ഗവൺമെന്റ് വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കൽപ് യാത്രയുടെ പര്യടനം നടക്കുന്നത്. യാത്രയോടനുബന്ധിച്ച് ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജനസുരക്ഷ ക്യാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.
ചേലക്കര പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് ചൊവ്വാഴ്ച രാവിലെ പത്തരയോട് കൂടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പരിചയപ്പെടുത്തും. ഒരു ഗ്രാമപഞ്ചായത്തിലെ ഒരു കേന്ദ്രം എന്ന രീതിയിൽ ഒരു ദിവസം രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് യാത്ര എത്തുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസിസ്റ്റന്റ് സെക്രട്ടറി സോഫിയ, ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹൻ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.















