കോട്ടയം: പണമിടപാട് തട്ടിപ്പിൽ മുൻ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസിൽ കീഴടങ്ങി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി കൃഷ്‌ണേന്ദു കീഴടങ്ങിയത്. തലയോലപ്പറമ്പ് പോലീസിലാണ് കൃഷ്‌ണേന്ദു കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് വനിതാ നേതാവ് കീഴടങ്ങിയത്. ഇവരുടെ ഭർത്താവും സിപിഎം നേതാവുമായിരുന്ന അനന്തു ഉണ്ണിയും കേസിൽ പ്രതിയാണ്.
ഉദയംപേരൂർ തെക്കേ പുളിപ്പറമ്പിൽ പി.എം രാഗേഷിന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫിസറുമായ കൃഷ്ണേന്ദുവും ഗോൾഡ് ലോൺ ഓഫീസർ വൈക്കപ്രയാർ സ്വദേശിനി ദേവി പ്രജിത്തും ചേർന്നു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. രാഗേഷിന്റെ പരാതിയിൽ കൃഷ്ണേന്ദു, ദേവി പ്രജിത്ത് എന്നിവരുടെ പേരിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൃഷ്ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണി സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
ഉപയോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. 19 ഉപയോക്താക്കളിൽ നിന്നായി വാങ്ങിയ 42.72 ലക്ഷം രൂപയാണ് തട്ടിയെടുത്ത്. ഈ പണം കൃഷ്ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റി. തിരിമറി കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറ കേടുവരുത്തിയെന്നും പരാതിയുണ്ട്.















