ശ്രീനഗർ: ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തിൽ സന്തോഷ പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിദ്യാർത്ഥികളെ പിന്തുണച്ച് പിഡിപി മേധാവി മെഹബൂബ മുഫ്തി .
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീരിൽ ലോകകപ്പ് ജേതാക്കളായ ടീമിനെ പിന്തുണയ്‌ക്കുന്നത് പോലും കുറ്റകൃത്യമായി മാറിയത് ആശങ്കാജനകവും ഞെട്ടിപ്പിക്കുന്നതുമാണ് . ഇത് ഒരു കളിയാണ്, നമ്മുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന് മുമ്പുള്ള പലരും മത്സരം കാണാനും നന്നായി കളിക്കുന്ന ടീമിനെ പ്രോത്സാഹിപ്പിക്കാനും പോയി. അവർ എതിർ ടീമിനെയും പ്രോത്സാഹിപ്പിക്കുന്നു. ഓസ്‌ട്രേലിയയുടെ വിജയം ആഘോഷിക്കുന്ന ചില വിദ്യാർത്ഥികളെ എന്തിനാണ് വേദനിപ്പിക്കുന്നത്. – മെഹബൂബ മുഫ്തി ചോദിച്ചു.
ഷെർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത് . ഉമർ, ആസിഫ്, മൊഹ്‌സിൻ, തൗക്കീർ, ഖാലിദ്, സമീർ, ഉബൈദ് എന്നിവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.















