ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി റെക്കോർഡ് വിസകൾ കൈമാറി യുഎസ് എംബസി. 2022 ഒക്ടോബറിനും ഈ വർഷം സെപ്റ്റംബറിനുമിടയിൽ യുഎസ് എംബസിയും ഇന്ത്യയിലെ കോൺസുലേറ്റുകളും വിദ്യാര്‍ത്ഥികള്‍ക്കായി 1,40,000ത്തിലധികം വിസകളാണ് കൈമാറിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും കൈമാറിയ വിസകളുടെ എണ്ണത്തിലുള്ള സർവ്വകാല റെക്കോർഡ് ആണിതെന്നും പ്രസ്താവനയിൽ പറയുന്നു. ആഗോള തലത്തിലും 2023 സാമ്പത്തിക വർഷത്തിൽ അമേരിക്കയിൽ സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു കോടിയിലധികം സ്റ്റുഡന്റ് വിസകളാണ് ഈ ഒരു വർഷം മാത്രം വിവിധ യുഎസ് എംബസികൾ ആഗോള തലത്തിൽ കൈമാറിയിരിക്കുന്നത്. 2017 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
വിനോദ സഞ്ചാരികൾക്കായി കൈമാറുന്ന വിസകളുടെ എണ്ണത്തിലും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഒരു കോടി ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്ക സന്ദർശിച്ചതായും ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും പറയുന്നു. അമേരിക്കയിലേക്കുള്ള വിസ അപേക്ഷകരിൽ 10 ശതമാനത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതിൽ തന്നെ 20 ശതമാനത്തോളം പേർ സ്റ്റുഡന്റ് വിസകൾക്കും, 65 ശതമാനത്തോളം പേർ തൊഴിൽ വിസ അപേക്ഷകരും ആണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കഴിഞ്ഞ വർഷങ്ങൾക്കിടെ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഈ ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.















