ഉത്തരകാശി: നീണ്ട പ്രയത്നത്തിനൊടുവിൽ സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചതിന് ദൗത്യ സംഘത്തെയും ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുരങ്കത്തിൽ നിന്നും ദൗത്യ സംഘം രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. എല്ലാ തൊഴിലാളികളും ഒരു മുറിയിൽ ഒത്തുചേർന്നു കൊണ്ടാണ് പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചത്.
രക്ഷാദൗത്യം വിജയകരമായതിന് പിന്നാലെ തന്റെ സന്തോഷവും സംതൃപ്തിയും പ്രധാനമന്ത്രി രാജ്യത്തോട് പങ്കുവച്ചിരുന്നു. ‘തൊഴിലാളികൾക്ക് എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല’.
‘ഈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ സഹോദരങ്ങൾക്ക് പുതുജീവൻ നൽകി. ദൗത്യത്തിന്റെ ടീം വർക്ക് അത്ഭുതകരമായ മാതൃകയാണ് കാഴ്ചവെച്ചത്’- എന്നായിരുന്നു വളരെ വൈകാരികമായി പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.