ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തിയ നടപടിയേയും രക്ഷാപ്രവർത്തകരേയും അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഒരു ജോലിയും അസാദ്ധ്യമല്ലെന്ന് രക്ഷാപ്രവർത്തർ തെളിയിച്ചുവെന്നും, ഓരോ ഭാരതീയന്റേയും അഭിമാനം ഉയർത്തിയ പ്രവർത്തിയാണ് സിൽക്യാരയിൽ കണ്ടതെന്നും ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
” ഇത് നന്ദി പറയേണ്ട സമയമാണ്. വിലപ്പെട്ട 41 ജീവനുകൾ രക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ 17 ദിവസമാണ് രാപ്പകലില്ലാതെ അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഓരോ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. ഒരു കായിക വിജയത്തിൽ നേടുന്നതിനും അപ്പുറമായി, രാജ്യത്തിന്റെ ആത്മാവിനേയും പ്രതീക്ഷകളേയും ഒരുമിപ്പിക്കാൻ നിങ്ങൾക്കായി. രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങളോടൊപ്പം ആയിരിക്കുമ്പോൾ തന്നെ ഒരു അസാദ്ധ്യമല്ലെന്ന കാര്യവും നിങ്ങൾ ഞങ്ങളെ ഓർമ്മിപ്പിച്ചിരിക്കുകയാണെന്നും” ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.
17 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 41 തൊഴിലാളികളേയും തുരങ്കത്തിന് പുറത്തെത്തിച്ചത്. നാനൂറിലേറെ മണിക്കൂറുകൾ രാപകൽ അധ്വാനിച്ചാണ് ദൗത്യസംഘം രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമത്തിനിടെ പല തവണ പ്രതിസന്ധികൾ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുകയായിരുന്നു. ഒരു തവണ രക്ഷാപ്രവർത്തകർക്ക് മുകളിലേക്കും മണ്ണ് ഇടിഞ്ഞിരുന്നു. പിന്നീട് തുരങ്കം ബലപ്പെടുത്തി, മണ്ണിടിച്ചിൽ ഉണ്ടായാൽ സ്വയം പുറത്തിറങ്ങാൻ മറ്റൊരു കുഴൽ സ്ഥാപിച്ച ശേഷമാണ് ഡ്രില്ലിംഗ് ഉൾപ്പെടെ പുനരാരംഭിച്ചത്.















