കട്ടക്ക്: പുരി ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ ഘടനാപരമായ സ്ഥിരത പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 3D ലേസർ സ്കാനിംഗ് ആരംഭിച്ചു. രത്നഭണ്ഡാരത്തിന്റെ പുറം ഭിത്തിയിൽ അതിന്റെ സമ്മർദ്ദ നില, വിള്ളലുകൾ എന്നിവ അറിയാനുള്ള 3D ലേസർ ഫോട്ടോഗ്രാമെട്രിക് സർവേയാണ് തുടക്കത്തിൽ ആരംഭിച്ചത്.

സംസ്ഥാനത്തുനിന്നും ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള സർവേയർമാർ, സിവിൽ എൻജിനീയർമാർ, ഡ്രാഫ്റ്റ്‌സ്മാൻ, പുരാവസ്തു ഗവേഷകർ എന്നിവരടങ്ങുന്ന 15 അംഗ സാങ്കേതിക സംഘമാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഉപരിതലത്തിലെ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത ചെറിയ വിള്ളലുകൾ 3D ക്യാമറയ്‌ക്ക് കണ്ടെത്താൻ കഴിയും.

വിലമതിക്കാനാവാത്ത രത്നങ്ങളും ആഭരണങ്ങളും രത്നഭണ്ഡാരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു, 2018ലും 2022ലും രത്‌നഭണ്ഡാരത്തിന്റെ പരിശോധന നടത്താൻ എഎസ്‌ഐ ക്ഷേത്ര ഭരണസമിതിയുടെ അനുമതി തേടിയിരുന്നു.















