കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ള കുണ്ടറ സ്വദേശിയുടെ വീട് അടിച്ചുതകർത്ത് അജ്ഞാത സംഘം. കുണ്ടറ സ്വദേശിയായ ഷാജിയുടെ വീടാണ് സംഘം അടിച്ചുതകർത്തത്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെയാണ് ഷാജിയുടെ വീട് തല്ലി തകർത്തത്.
കുട്ടിയെ കാണാതായതോടെ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഷാജഹാന് സാമ്യമുണ്ടായിരുന്നു. തുടർന്ന് കുട്ടിയെ കടത്തികൊണ്ട് പോയതിന് പിന്നിൽ ഷാജഹാന് പങ്കുണ്ടെന്ന് വ്യാപക പ്രചരണവുമുണ്ടാകുകയും ചെയ്തു. ഇതോടെയാണ് അജ്ഞാത സംഘമെത്തി ഷാജഹാന്റെ വീട് അടിച്ചുതകർത്തത്.
തനിക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും ഷാജഹാൻ കുണ്ടറ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയ സമയത്ത് ഷാജഹാൻ ബന്ധുവിനൊപ്പം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നെന്നും അദ്ദേഹം പോലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് കർശനം നിർദ്ദേശം നൽകിയിട്ടുണ്ട്.















