ഹൈദരാബാദ്: നാളെ (നവംബർ 30) തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,തെലങ്കാനയിൽ വോട്ടിന് പണം വാഗ്ദാനം ചെയ്ത് ഭാരത് രാഷ്ട്ര സമിതി പാർട്ടി അംഗങ്ങൾ വോട്ടർമാരേക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.വിഹാരാബാദ് ജില്ലയിലെ ബുദൂരിനടുത്തുള്ള ചെലാപൂർ ഗ്രാമത്തിൽ ഭാരത് രാഷ്ട്ര സമിതി (പിആർഎസ്) നേതാക്കൾ വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുന്നത്.
സംസ്ഥാനത്ത് മൂന്നാം തവണയും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ ബി ആർഎസ്. തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലാണ് ഭാരത് രാഷ്ട്ര സമിതി ഭരണം നടത്തുന്നത്. 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ ഒറ്റഘട്ടമായി നടക്കും.
വോട്ടർമാർക്ക് ദൈവത്തിന്റെ ചിത്രത്തിന് മുമ്പിൽ വെച്ച് പണം നൽകി ബി ആർ എസ്സിന്റെ ചിഹ്നത്തിൽ വോട്ടു ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
അതിനിടെ തെലങ്കാനയിൽ വോട്ടർക്ക് ഒന്നിന് ഒരു ലക്ഷം രൂപ വീതം നൽകിയതിന് നാമ്പള്ളി നിയമസഭാ കോൺഗ്രസ് സ്ഥാനാർത്ഥി പെറോസ് ഖാനെതിരെ കേസെടുത്തു. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 171 സി, 188, 123 വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഹൈദരാബാദ് പോലീസ് അറിയിച്ചു.















