കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങളുമായി ഓട്ടോ ഡ്രൈവർമാർ. കാർ പരവൂരിൽ കണ്ടതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. സംഭവം നടന്ന ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഓട്ടോ ഡ്രൈവർമാർ വാഹനം കണ്ടത്. സംഭവത്തിന് തലേദിവസം വാടകയ്‌ക്ക് വീടുണ്ടോ എന്ന് അന്വേഷിച്ച് അപരിചിതൻ എത്തിയതായും ഇവർ പറയുന്നു. രണ്ട് ദിവസത്തേക്കായാണ് അപരിചിതർ വാടക വീട് ആവശ്യപ്പെട്ടത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയ സ്ഥാപനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം റൂറൽ പോലീസാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നമ്പർ പ്ലേറ്റ് നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. വ്യാജ നമ്പർപ്ലേറ്റ് നിർമ്മിച്ച് നൽകിയ സ്ഥാപനം പോലീസുമായി ബന്ധപ്പെടാനാണ് നിർദ്ദേശം.
കെഎൽ 04 എഎഫ് 3239 എന്ന വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള കാറിലാണ് കുട്ടിയെ കടത്തികൊണ്ട് പോയത്. സംഭവം നടന്ന ദിവസം ഈ നമ്പർ പ്ലേറ്റുള്ള വാഹനം പള്ളിക്കൽ ഭാഗത്ത് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യമിട്ടിരുന്നു. കുട്ടിയുടെ സമീപത്ത് ഇതേ കാർ ദുരൂഹ സാഹചര്യത്തിൽ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവി നേരത്തെ പുറത്തുവിട്ടിരുന്നു.
പ്രതികൾ പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ ഓട്ടോ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെതാണെന്നാണ് പോലീസ് അനുമാനം. മുണ്ടും, ഷർട്ടുമായിരുന്നു വാഹനം ഓടിച്ചയാളുടെ വസ്ത്രം. 7 മിനിട്ടോളം പ്രതികൾ പാരിപ്പള്ളിയിൽ ചിലവിട്ടതായാണ് വിവരം. 6.37 ന് എത്തിയവർ 6.45 വരെ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കൽ, വേളമാനൂർ വഴി പ്രതികൾ കല്ലുവാതുക്കലിലേക്ക് പോയെന്നുമാണ് പോലീസ് നിഗമനം.















