ന്യൂഡൽഹി : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു വാഗാ അതിർത്തി വഴി ഇന്ത്യയിൽ തിരിച്ചെത്തി. ഏജൻസികളുടെ ചോദ്യം ചെയ്യലിനുശേഷം അമൃത്‌സർ വിമാനത്താവളത്തിൽ എത്തിച്ച യുവതി അവിടെ നിന്ന് ഡൽഹിയിലേക്ക് പോകും.
ഇപ്പോൾ ഫാത്തിമ എന്നറിയപ്പെടുന്ന 34 കാരിയായ യുവതി ജൂലൈ മുതൽ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് താമസിക്കുന്നത്. അഞ്ജു തന്റെ ഫേസ്ബുക്ക് സുഹൃത്തായ നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . തങ്ങൾക്ക് വിവാഹിതരാകാൻ പദ്ധതിയില്ലെന്നും വിസ അവസാനിക്കുമ്പോൾ ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജുവും നസ്‌റുല്ലയും ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാൽ , അത്തരം അവകാശവാദങ്ങൾ ഉന്നയിച്ച് ഒരു ദിവസത്തിന് ശേഷം ഇരുവരും വിവാഹിതരായി.
വിവാഹത്തെത്തുടർന്ന് ഫാത്തിമ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട അഞ്ജുവിന്റെ വിസ പാകിസ്താൻ ഒരു വർഷത്തേക്ക് നീട്ടി നൽകിയിരുന്നു .















