തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തിൽപ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പെർമിറ്റ് റദ്ദാക്കിയത്. മോട്ടോർ വാഹന വകുപ്പ് സെക്രട്ടറിയുടേതാണ് നടപടി. കെ കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ പെർമിറ്റ്.
തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ച് റോബിൻ ബസ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു വാഹനം മാറ്റുകയും ചെയ്തു. പിന്നാലെ പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. അതോടൊപ്പം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു
ഓഗസ്റ്റ് 30 നാണ് ബസിന് പെർമിറ്റിന് ലഭിച്ചത്. സ്റ്റേജ് ബസായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് ബസിനെ പലതവണയായി പിടികൂടി പിഴ ചുമത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ബസിന്റെ നടത്തിപ്പുകാരനായ ഗിരീഷിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012 ൽ രജിസ്റ്റർ ചെയ്ത ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. തന്നെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഗിരീഷിന്റെ ആരോപണം.















