കണ്ണൂർ: വൈസ് ചാൻസലർ പുനർനിയമനം റദ്ദാക്കിയ വിധി അംഗീകരിക്കുന്നതായി ഗോപിനാഥ് രവീന്ദ്രൻ. റിവ്യു ഹർജി നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിക്ക് മടങ്ങുമെന്നും പ്രൊഫസറായി സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്നും ഗോപിനാഥ് അറിയിച്ചു.
2021 നവംബർ 22-നാണ് ഒന്നാമത്തെ ടേം കഴിഞ്ഞത്. അതിന് തൊട്ടടുത്ത ദിവസമാണ് പുനർനിയമനം നൽകിയത്. താൻ ആവശ്യപ്പെട്ടിട്ടല്ല നിയമനം നൽകിയത്. അതുകൊണ്ട് റിവ്യു ഹർജി നൽകില്ല. വയസിന്റെ അടിസ്ഥാനത്തിൽ അല്ല നിയമനം റദ്ദാക്കിയത്. കണ്ണൂർ സർവകലാശാലയിൽ മാത്രമാണ് ഇത്രയധികം സുതാര്യമായി നിയമനങ്ങൾ നടന്നത്. എല്ലാ ഇന്റർവ്യുകളും റെക്കോർഡ് ചെയ്യുന്നുണ്ട്. വേറെ എന്ത് പറഞ്ഞാലും ഒരു നിയമനത്തിലും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല- ഗോപിനാഥ് രവീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുനർനിയമനം അട്ടിമറിച്ചത് സംസ്ഥാന സർക്കാരിന്റെ ഇടപെടലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ഷൻ കമ്മിറ്റി വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനം പൂർണമായും ചട്ടവിരുദ്ധമാണ്. നിയമനത്തിന്റെ എല്ലാ കാര്യങ്ങളിലും അധികാര സ്ഥാനത്ത് നിന്ന് സമ്മർദ്ദം ഉണ്ടായതായി സുപ്രീംകോടതി വ്യക്തമാക്കി. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.















