തിരുവനന്തപുരം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയതായി വിവരം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ മനുഷ്യക്കടത്ത് സംഘമല്ലെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ അച്ഛന്റേതുൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
കുട്ടിയെ തട്ടിയെടുത്തതിന് പിന്നിൽ ലക്ഷ്യം വെച്ചത് പണം മാത്രമാണ്. വൻ തുക ആവശ്യപ്പെടാതിരുന്നതിനാൽ വലിയ മനുഷ്യക്കടത്ത് സംഘമല്ല സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് വിലയിരുത്തൽ. എന്നാൽ കേസിൽ മാഫിയ സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും അന്വേഷിച്ച് വരികയാണ്. സാമ്പത്തിക തിരിമറി ഉൾപ്പെടെ നടന്നിരിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ ഔദ്യോഗികമായി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ഇതിനാൽ തന്നെ വിദേശത്ത് നിന്നും ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും നിരീക്ഷിച്ചു വരികയാണ്. കൂടാതെ കുട്ടിയെ ആശ്രാമം മൈതാനത്ത് വിട്ടിട്ട് പോകുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പകൽ 1.14-ന് കുട്ടിയെ എടുത്ത് ഒരു സ്ത്രീ ഓട്ടോയിൽ നിന്നിറങ്ങി മൈതാനത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.















