എറണാകുളം: റോബിൻ ബസിന് താത്കാലിക ആശ്വാസം. പെർമ്മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണമെന്നും കോടതി പറഞ്ഞു. തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസിന്റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്. ഈ നടപടിയാണ് ഹൈക്കോടതി മരവിപ്പിച്ചത്.
നിരന്തരം നിയമലംഘനം നടത്തുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമായിരുന്നു റോബിൻ ബസിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് സെക്രട്ടറി റദ്ദാക്കിയത്. കെ കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. ഇത്തരത്തിലൊരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു ബസ് ഉടമ കെ. കിഷോറിന്‍റെ പ്രതികരണം. നിയമം പാലിച്ചാണ് മുന്നോട്ട് പോയത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ പ്രതികരിച്ചിരുന്നു.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു. ഓഗസ്റ്റ് 30 നാണ് ബസിന് പെർമിറ്റിന് ലഭിച്ചത്. സ്റ്റേജ് ബസായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് ബസിനെ പലതവണയായി പിടികൂടി പിഴ ചുമത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.















